അടൂർ കെഎസ്ആർടിസി ജംഗ്ഷനിൽ ഡിവൈഡർ സ്ഥാപിച്ചു
1511233
Wednesday, February 5, 2025 3:47 AM IST
അടൂർ: നഗരത്തിൽ ബസ് ബേയും ഓട്ടോറിക്ഷ സ്റ്റാൻഡും വേർതിരിച്ച് ഇരുമ്പ് ഡിവൈഡർ സ്ഥാപിച്ചു. കെഎസ്ആർടിസി ജംഗ്ഷൻ മുതൽ ഒന്നാം പാലംവരെ ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായാണ് ഡിവൈഡർ സ്ഥാപിച്ചത്.
ഇരട്ടപ്പാലങ്ങളിൽ ഒന്നാമത്തെ പാലത്തിലെ അപ്രോച്ച് റോഡരികിലാണ് ഓട്ടോറിക്ഷാ സ്റ്റാൻഡ് ക്രമീകരിച്ചിരിക്കുന്നത്. സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ ക്രമരഹിതമായി കിടക്കുന്നതു കാരണം പാലത്തിലൂടെ വരുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കാനും സുരക്ഷിത പാർക്കിംഗ് ഒരുക്കാനുമാണ് ബാരിക്കേഡ് സ്ഥാപിച്ചത്.
കെഎസ്ആർടിസി ജംഗ്ഷനു മുന്പിലെ സീബ്രാലൈൻ ആളുകൾ മുറിച്ചു കടക്കുന്നതിനിടെ ബസ് ബേയിലേക്ക് ബസുകൾ കയറി അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
കെഎസ്ആർടിസി ജംഗ്ഷനു മുന്പിൽനിന്ന് ഇരട്ടപ്പാലത്തിനു സമീപംവരെയാണ് ബാരിക്കേഡ് സ്ഥാപിക്കുന്നത്. ട്രാഫിക് എസ്ഐ ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് ഡിവൈഡറുകൾ സ്ഥാപിച്ച് ക്രമീകരണങ്ങൾ ഒരുക്കിയത്.