പ്രമാടത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് പരിശീലനം
1511218
Wednesday, February 5, 2025 3:35 AM IST
പത്തനംതിട്ട: പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് പരിശീലനം ആരംഭിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷനാണ് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് പരിശീലനകേന്ദ്രം ആരംഭിച്ചത്.
പ്രമാടം സ്റ്റേഡിയം നിലവിൽ സായി വോളിബോൾ പരിശീലന കേന്ദ്രമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കായികതാരങ്ങൾ വോളിബോൾ പരിശീലിക്കാനെത്തുന്നുണ്ട്. ഇതിനൊപ്പമാണ് ക്രിക്കറ്റ് താരങ്ങൾക്ക് വിദഗ്ധ പരിശീലന നൽകുക എന്ന ലക്ഷ്യത്തോടെ പ്രമാടം സ്റ്റേഡിയത്തിൽ ക്രിക്കറ്റ് പരിശീലനകേന്ദ്രം ആരംഭിച്ചതെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.
പ്രമാടം സ്റ്റേഡിയത്തിൽ കെ.യു. ജനീഷ്കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐപിഎൽ താരം വിഷ്ണു വിനോദിനെ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉപഹാരം നൽകി ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത്, ആർ. രവി, സാജൻ കെ. വർഗീസ്, വാഴവിള അച്യുതൻ നായർ, പ്രമോദ് ഇളമൺ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെലക്ട് ചെയ്യുന്ന താരങ്ങൾക്കാണ് പരിശീലനം നൽകുന്നത്. നെറ്റ് പ്രാക്ടീസും ആരംഭിച്ചു.