ഫണ്ടില്ല; ജില്ലാ പഞ്ചായത്ത് പദ്ധതി പ്രവർത്തനം നിലച്ചു
1511213
Wednesday, February 5, 2025 3:35 AM IST
പത്തനംതിട്ട: ഫണ്ടുകളുടെ പരിമിതിമൂലം ജില്ലാ പഞ്ചായത്ത് പദ്ധതി പ്രവർത്തനങ്ങൾ നിലച്ചു. സാന്പത്തികവർഷം അവസാനിക്കാൻ 54 ദിവസങ്ങൾ മാത്രം നിൽക്കേ പദ്ധതി പ്രവർത്തനങ്ങളുടെ 24 ശതമാനം മാത്രമാണ് പൂർത്തീകരിച്ചത്.
ജില്ലാ പഞ്ചായത്ത് സമർപ്പിച്ച 25 കോടിയുടെ ബില്ലുകൾ കഴിഞ്ഞയിടെ ട്രഷറി മടക്കിയിരുന്നു. പണമില്ലെന്ന കാരണത്താലാണ് ബില്ലുകൾ മടക്കിയത്. കഴിഞ്ഞ സാന്പത്തിക വർഷം മാർച്ച് 25ന് 20 കോടിയുടെ ബില്ലുകൾ മടക്കിയിരുന്നു. ഹാർഡ് കോപ്പി നൽകിയില്ലെന്ന കാരണത്താലാണ് ഇതു ചെയ്തത്. പദ്ധതി ഫണ്ടായി ലഭിച്ച ഈ പണം പിന്നീട് ലഭിച്ചതുമില്ല.
സർക്കർ ഫണ്ട് വെട്ടിക്കുറച്ചതാണ് ജില്ലാ പഞ്ചായത്ത് പദ്ധതികൾ പ്രതിസന്ധിയിലാകാൻ കാരണം. നിർമാണം പൂർത്തിയാക്കിയവയുടെ ബില്ലുകൾ പാസാകാത്തതുകാരണം കരാറുകാർ പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നില്ല. സ്കൂൾ കെട്ടിടങ്ങൾ, അങ്കണവാടികൾ, റോഡുകൾ, മറ്റ് അറ്റകുറ്റപ്പണികൾ എന്നിവയ്ക്കുള്ള ഫണ്ടാണ് വെട്ടിക്കുറച്ചത്. ഇതുകാരണം അടിസ്ഥാന മേഖലയിലെ വികസനപ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്ന് ജില്ലാപഞ്ചായത്ത് അംഗങ്ങൾ പറയുന്നു.
പണം ലഭിക്കാതെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകില്ലെന്നു വ്യക്തമാണെങ്കിലും ഇക്കാര്യത്തിൽ ഒന്നു പ്രതിഷേധിക്കാൻ പോലുമാകാത്ത സ്ഥിതിയിലാണ് ഭരണസമിതിയംഗങ്ങൾ. 16 അംഗഭരണസമിതിയിൽ ഭരണം നടത്തുന്ന എൽഡിഎഫ് പക്ഷത്ത് 12 പേരുണ്ട്. പ്രതിപക്ഷത്ത് ആകെയുള്ളത് നാലുപേരാണ്.
ലഭിച്ചത് 12 കോടി
പദ്ധതി ഫണ്ടായി ഇത്തവണ ലഭിച്ചത് 12 കോടി രൂപ മാത്രമാണ്. 44 കോടി രൂപ പദ്ധതി വിഹിതമായി ലഭിക്കേണ്ട സ്ഥാനത്താണ് 17 കോടി രൂപയായി വെട്ടിക്കുറച്ചത്. ഇതിൽതന്നെ അഞ്ചു കോടി നൽകിയിട്ടില്ല. ഓരോ ഡിവിഷനിലേക്കും പത്തു ലക്ഷം രൂപപോലും ലഭിക്കാത്ത സ്ഥിതിയാണ്.
മെയിന്റനൻസ് ഗ്രാന്റ് പൂർണമായി വെട്ടിക്കുറച്ചതോടെ റോഡുകളുടെ അറ്റകുറ്റപ്പണികൾ രണ്ടുവർഷമായി നടക്കുന്നില്ല. ജില്ലാ പഞ്ചായത്ത് ഫണ്ട് വെട്ടിക്കുറച്ച് എംഎൽഎമാർക്ക് ഗ്രാമീണ റോഡ് വികസന ഫണ്ട് നൽകുകയാണെന്ന് അംഗങ്ങൾ പറയുന്നു. 32 കോടി രൂപയാണ് മെയിന്റനൻസ് ഗ്രാന്റിൽ ലഭിക്കേണ്ടിയിരുന്നത്.
ബജറ്റിൽ പ്രഖ്യാപനം മാത്രമാകും
പ്രഖ്യാപിച്ചത് തുടങ്ങാൻ കഴിയാതെയും തുടങ്ങിയത് മുന്നോട്ടു കൊണ്ടുപോകാതെയുമാണ് ജില്ലാ പഞ്ചായത്ത് പുതിയ സാമ്പത്തിക വർഷത്തെ ബജറ്റ് തയാറാക്കിത്തുടങ്ങിയത്. അടുത്ത മാസമാദ്യം ബജറ്റ് അവതരിപ്പിച്ച് അംഗീകാരം വാങ്ങാനള്ള ശ്രമമാണ്.
ഇപ്പോഴത്തെ ഭരണസമിതിയുടെ അവസാന ബജറ്റ് എന്ന നിലയിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകാം. പക്ഷേ നടപ്പാക്കുക ബുദ്ധിമുട്ടാകും. കഴിഞ്ഞ വർഷങ്ങളിൽ പ്രഖ്യാപിച്ച പല പദ്ധതികളും ഏറ്റെടുക്കാൻപോലുമായിട്ടില്ല.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജി പി. രാജപ്പൻ രാജിവച്ചശേഷം പുതിയ പ്രസിഡന്റ് ഏഴിനു ചുമതലയേൽക്കുകയാണ്. ഇതിനു പിന്നാലെയാണ് ബജറ്റ് തയാറാകുന്നതും. സിപിഎം അംഗം ബീനാ പ്രഭ വൈസ് പ്രസിഡന്റായശേഷമുള്ള ആദ്യ ബജറ്റാണ്.
കേരള കോൺഗ്രസിലെ ജോർജ് ഏബ്രഹാമാണ് പുതുതായി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. നിലവിലെ സാന്പത്തിക സാഹചര്യം പുതിയ പ്രസിഡന്റിനും വെല്ലുവിളിയാണ്.
കരാറുകാരുടെ ബില്ലുകളും പാസാകുന്നില്ല
പ്രസിഡന്റുസ്ഥാനത്തെ മാറ്റം ബില്ലുകൾ പാസാകാൻ ബുദ്ധിമുട്ടാകുന്നുണ്ട്. കഴിഞ്ഞവർഷവും സാന്പത്തിക വർഷാവസാനം സമാന സാഹചര്യം ഉടലെടുത്തിരുന്നു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലെ അടിക്കടിയുള്ള മാറ്റം പദ്ധതി പ്രവർത്തങ്ങളെയും ഭരണസംവിധാനത്തെയും ബാധിച്ചിട്ടുണ്ട്. ധനകാര്യ സ്ഥിരംസമിതി അധ്യക്ഷ കൂടിയാണ് വൈസ് പ്രസിഡന്റ്.
കരാറുകാരുടെ ബില്ലുകൾ പാസാകാനുണ്ട്. പുതിയ പ്രസിഡന്റ് ചുമതലയേൽക്കാതെ കരാറുകാരുടെ ബില്ലുകൾ പാസാകില്ല.
പുതിയ പ്രസിഡന്റ് ചുതമലയേറ്റാലും ഡിജിറ്റർ സിഗ്നേച്ചർ ലഭിക്കാൻ ഒരു മാസത്തോളം വൈകും. പ്രസിഡന്റ്, സെക്രട്ടറി, ഫിനാൻസ് ഓഫീസർ എന്നിവരുടെ ഡിജിറ്റൽ സിഗ്നേച്ചറാണ് ബില്ലുകളിൽ വേണ്ടത്.