ശബരിമലയിൽ നടപ്പാക്കുന്നത് 25 വർഷം മുന്നിൽക്കണ്ടുള്ള വികസന പ്രവർത്തനങ്ങൾ: മന്ത്രി സജി ചെറിയാൻ
1511215
Wednesday, February 5, 2025 3:35 AM IST
ചെറുകോൽപ്പുഴ: 25 വർഷം മുന്നിൽകണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ശബരിമലയിൽ നടപ്പാക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. 113-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന അയ്യപ്പഭക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെതന്നെ ഏറ്റവും വലിയ തീർഥാടനകേന്ദ്രമാണ് ശബരിമല. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ഏറെ ശ്രദ്ധയാണ് നൽകുന്നത്. മുൻ വർഷങ്ങളിലെ അപേക്ഷിച്ച് ഇത്തവണ തീർഥാടനം ഏറെ സുഗമമാക്കാൻ സാധിച്ചു. ശബരിമലയോടനുബന്ധമായ സ്ഥലങ്ങൾ വനംവകുപ്പിന്റേതായതിനാൽ ചില പ്രതിസന്ധികൾ ഉണ്ടെന്നും എന്നാൽ മതാതീത തീർഥാടനകേന്ദ്രമായ ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ശബരിമല തീർഥാടനത്തെ അട്ടിമറിക്കാനാണ് വെർച്വൽ ക്യൂ ബുക്കിംഗ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സ്വാമി അയ്യപ്പദാസ് പറഞ്ഞു. 2018 നു മുൻപും ലക്ഷക്കണക്കിന് അയ്യപ്പഭക്തർ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ട്. ശബരിമലയിൽ ദിവസം ഒരു ലക്ഷം ഭക്തർ എത്തിയാൽ തിരക്ക് നിയന്ത്രണാതീതമാകുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.
എന്നാൽ, ദിവസം ഒന്നരക്കോടി തീർഥാടകരിലധികം എത്തിച്ചേരുന്ന മഹാകുംഭമേളയുടെ സംഘാടനം ദേവസ്വം അധികൃതർ കണ്ടു പഠിക്കണമെന്നും സ്വാമി അയ്യപ്പദാസ് പറഞ്ഞു. ഹിന്ദുഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി, ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി രാജ് കുമാർ, വിഎച്ച്പി സംസ്ഥാന അധ്യക്ഷൻ വി.ജി. തന്പി, സ്വാമിനി ഭവ്യാമൃതപ്രാണ, അയ്യപ്പസേവാ സംഘം ദേശീയ സെക്രട്ടറി ഡി. വിജയകുമാർ, ഹിന്ദുമത മഹാമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
മോഹൻഭാഗവത് ഇന്ന് ചെറുകോൽപ്പുഴയിൽ
ചെറുകോൽപ്പുഴ: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3.30നു നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനം ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് ഉദ്ഘാടനം ചെയ്യും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ അധ്യക്ഷത വഹിക്കും.
മോഹൻ ഭാഗവതിന്റെ സന്ദർശനം പ്രമാണിച്ച് അതീവ സുരക്ഷാസംവിധാനങ്ങളാണ് ചെറുകോൽപ്പുഴയിൽ സജ്ജമാക്കിയിരിക്കുന്നത്. എസ്പിജിയും പ്രത്യേക പോലീസ് സംഘവും ഇന്നലെത്തന്നെ ചെറുകോൽപ്പുഴ പന്തൽ, പരിസരങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷ ഏറ്റെടുത്തു.
ഇന്ന് ഉച്ചമുതൽ ചെറുകോൽപ്പുഴയിൽ ഗതാഗതനിയന്ത്രണം ഉണ്ടാകും.
സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾക്കടക്കം ചെറുകോൽപ്പുഴയിൽ പാർക്കിംഗ് ഉണ്ടാകില്ല. ഉച്ചകഴിഞ്ഞ് 3.20നും നാലിനുമിടയിൽ കോഴഞ്ചേരി ടൗണിലും ഗതാഗത ക്രമീകരണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.