വർണവിസ്മയക്കാഴ്ചകൾ ഒരുക്കി തിരുവല്ല പുഷ്പമേള
1511229
Wednesday, February 5, 2025 3:45 AM IST
തിരുവല്ല: വർണവിസ്മയക്കാഴ്ചകൾ ആസ്വദിക്കാൻ തിരുവല്ല പുഷ്പമേളയിലേക്ക് തിരക്കേറുന്നു.വിവിധ രാജ്യങ്ങളിൽനിന്നും വർണാഭമായ പുഷ്പങ്ങളുടെ വൻശേഖരം ഒരുക്കിയാണ് ഇത്തവണ പുഷ്പമേളയ്ക്ക് വേറിട്ട കാഴ്ച നൽകുന്നത്.
ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല മുനിസിപ്പൽ മൈതാനത്തു നടന്നുവരുന്ന മേള ഒന്‍പതുവരെയാണ്. 15 അടി നീളവും അഞ്ചടി ഉയരവുമുള്ള ഭീമാകാരനായ ഓന്ത് പുഷ്പമേളയിലെ പ്രധാന ആകർഷണമാണ്.
230 ഓളം ചേനയിലും 36 വാഴത്തടയിലും മൂന്നു ബണ്ടിൽ ടൂക്ക് പിക്, മൂന്ന് കിലോഗ്രാം മൊട്ടുസൂചി, കല്ലൻ മുളകൾ എന്നിവ ഉപയോഗിച്ച് മൂന്നു ദിനരാത്രങ്ങൾകൊണ്ട് പെരുമ്പാവൂർ സ്വദേശി ആർട്ടിസ്റ്റ് ആർ. മുരളിയുടെ നേതൃത്വത്തിൽ ആർട്ടിസ്റ്റ് സഞ്ജു, ആർ.എൽ.വി. സുര നാവായിക്കുളം എന്നിവർ ചേർന്ന് രൂപപ്പെടുത്തിയെടുത്ത വെജിറ്റബിൾ കാർവിംഗും ശ്രദ്ധേയമാണ്.
തിരുവനന്തപുരം ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കിയിരിക്കുന്ന സ്റ്റാളിൽ വിവിധയിനം ദേശീയജന്യവും വിദേശിയുമായ അന്യംനിന്നുപോകുന്ന പനകൾ, ചൂരലുകൾ, മുളകൾ, വിവിധ ഇനം ആൽ വർഗങ്ങൾ, കൃഷ്ണനാല്‍, നാൽപ്പാമരം, ബോൺസായി എന്നിവയുടെ വൻ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ടെന്ന് പബ്ലിസിറ്റി കൺവീനർ സജി ഏബ്രഹാം അറിയിച്ചു.