വടശേരിക്കര അരീക്കക്കാവിൽ സ്കൂട്ടർ സ്വകാര്യബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
1511228
Wednesday, February 5, 2025 3:45 AM IST
പത്തനംതിട്ട: സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ചിറ്റാര്‍ കാരികയം പള്ളിപ്പറമ്പില്‍ രാജന്റെയും രമയുടെയും ഏകമകള്‍ അശ്വതി രാജനാണ് (29)മരിച്ചത്.
ഇന്നലെ വൈകുന്നേരം വടശേരിക്കര - ചിറ്റാർ റോഡില്‍ മണിയാര്‍ അരീക്കക്കാവ് കോണ്‍ക്രീറ്റ് മിക്സിംഗ് പ്ലാന്റിനു സമീപമായിരുന്നു അപകടം. വടശേരിക്കരയിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്സായ അശ്വതി ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്പോഴായിരുന്നു അപകടം.
ചിറ്റാര്‍ - വയ്യാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആവേമരിയ ബസാണ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. റോഡിന്റെ ഒരുവശം കാന നിര്‍മാണത്തിനായി കുഴിയെടുത്ത് ഇട്ടിരിക്കുന്നതാണ് അപകടത്തിലേക്ക് നയിച്ചത്. ഇവിടെ കാനനിര്മാണവുമായി ബന്ധപ്പെട്ട് ടാര്‍വീപ്പ റോഡിന്റെ അതിരിൽ വച്ചിരുന്നു.
ബസ് വരുന്നതുകണ്ട് സൈഡ് കൊടുക്കുന്നതിനായി റോഡിനരികിലേക്ക് സ്കൂട്ടര്‍ മാറ്റുന്നതിനിടയില്‍ ടാര്‍വീപ്പയില്‍ തട്ടി യുവതി റോഡിലേക്ക് വീഴുകയായിരുന്നു. ഇതിനിടയില്‍ പിന്നാലെ വന്ന ബസ് കയറിയിറങ്ങുകയും ചെയ്തു. തത്ക്ഷണം മരണം സംഭവിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.