പോക്സോ കേസ് പ്രതിക്ക് ആറുവർഷം തടവും പിഴയും
1511223
Wednesday, February 5, 2025 3:45 AM IST
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം പാങ്ങപ്പാറ മൺവിള കൈരളി നഗർ മനയിൽലൈയിനിൽ രതീഷ് കുമാറിനെ (36) ആറുവർഷം കഠിനതടവിനും 1.10 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചു.
അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്തിന്റേതാണ് വിധി. 2022 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ പല ദിവസങ്ങളിലായി അതിജീവിതയെ കാറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്.
മാനസികസംഘർഷത്തിലായ പെൺകുട്ടിയെ കൗൺസലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പന്തളം ഇൻസ്പെക്ടറായിരുന്ന എസ്. ശ്രീകുമാർ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസ് എസ്ഐ രാജേഷ് കുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി.
പ്രതി പിഴത്തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു നൽകാൻ ലീഗൽ സർവീസസ് അഥോറിറ്റിക്കു നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസികൂട്ടർ സ്മിത ജോൺ ഹാജരായി.