തെങ്ങമത്ത് ചായക്കടയിലെ സംഘർഷം: അന്വേഷണം ഊർജിതമാക്കി
1511219
Wednesday, February 5, 2025 3:35 AM IST
അടൂർ: തെങ്ങമത്ത് രണ്ടിന് രാത്രി എട്ടരയോടെ ചായക്കടയിൽ നടന്ന അക്രമസംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരുന്നതായി പോലീസ്. പരിക്കേറ്റ യുവാക്കൾ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പള്ളിക്കൽ തെങ്ങമം ഹരിശ്രീയിൽ അഭിരാജ് (29), സുഹൃത്ത് വിഷ്ണു മോഹൻ (28) എന്നിവർക്കാണ് പത്തു പേരടങ്ങുന്ന സംഘത്തിന്റെ മർദനമേറ്റത്.
അഭിരാജിന്റെ അനുജന്റെ ബൈക്കിൽ ഇയാളും സുഹൃത്ത് വിഷ്ണു മോഹനും എടക്കാടുനിന്നും തെങ്ങമത്തേക്ക് യാത്ര ചെയ്യവേ, കൊല്ലായ്ക്കൽ മീൻചന്തയിലും മേക്കുന്നുമുകൾ ഭാഗത്തും ബൈക്കിലെത്തിയ സംഘവുമായി വാക്കുതർക്കമുണ്ടാകുകയും ഇവർ പിന്നീട് തെങ്ങമത്തെത്തി യുവാക്കളെ ആക്രമിച്ചുവെന്നുമാണ് കേസ്. കടയിലെ സാധനസാമഗ്രികളും അക്രമികൾ തകർത്തു.
ഇടിവള, കല്ല്, സോഡാക്കുപ്പി എന്നിവകൊണ്ടായിരുന്നു ആക്രമണം. അക്രമികൾ ബൈക്കുകളിൽ കയറി സ്ഥലം വിടുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തലയിലും കഴുത്തിലും മുറിവേറ്റ യുവാക്കൾ ചികിത്സയിലാണ്. അക്രമിസംഘത്തെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു.