മാരാമൺ കൺവൻഷൻ : പന്തൽ നിർമാണം ഇന്നു പൂർത്തിയാകും
1511221
Wednesday, February 5, 2025 3:35 AM IST
കോഴഞ്ചേരി: 130-ാമത് മാരാമണ്‍ കണ്‍വന്‍ഷനുവേണ്ടി ഒരുലക്ഷം പേർക്കിരിക്കാവുന്ന ഓലപ്പന്തൽ പന്പാ മണൽപ്പുറത്ത് ഒരുങ്ങുന്നു. പന്തലിന്റെ ഓലമേയൽ ഇന്നു പൂർത്തിയാകും. ഒന്‍പതു മുതൽ 16 വരെയാണ് കൺവൻഷൻ. ഒന്‍പതിന് ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
അഖിലലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്സർലൻഡ്) മുഖ്യപ്രഭാഷണം നടത്തും. കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര് രാംചന്ദ്രന് (ന്യൂഡല്‍ഹി) എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യ പ്രാസംഗികര്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 7.30 നുള്ള ബൈബിള്‍ ക്ലാസുകൾക്ക് ജെറി പിള്ളൈയും ബുധന്‍ മുതല്‍ ശനി വരെയുള്ള ബൈബിള്‍ ക്ലാസുകൾക്ക് റവ. എ.ടി. സഖറിയായും നേതൃത്വം നല്‍കും. രാവിലെ 7.30 മുതല്‍ 8.30 വരെയുള്ള കുട്ടികള്‍ക്കുള്ള യോഗം കുട്ടി പന്തലിലാണ് നടക്കുന്നത്.
എല്ലാദിവസവും രാവിലെയുള്ള യോഗം 9.30ന് ഗാനശുശ്രൂഷയോടെയാണ് ആരംഭിക്കുന്നത്. സമാപന ദിവസമായ 16 നു രാവിലെ 7.30 ന് മാരാമണ്‍, ചിറയിറമ്പ് , കോഴഞ്ചേരി മാർത്തോമ്മ പള്ളികളില്‍ നടക്കുന്ന കുർബാനയ്ക്ക് ബിഷപ്പുമാർ കാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 2.30ന് സമാപന യോഗത്തിൽ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത സമാപനസന്ദേശം നൽകും.
പ്രത്യേക സമ്മേളനങ്ങൾ
12 ന് രാവിലെ 9.30ന് എക്യുമെനിക്കൽ സമ്മേളനത്തിൽ ഡബ്ല്യുസിസി ജനറൽ സെക്രട്ടറി ഡോ. ജെറി പിള്ളൈ മുഖ്യസന്ദേശം നൽകും. ഉച്ചകഴിഞ്ഞ് ലഹരിവിമോചന സമരത്തിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും വൈകുന്നേരം ആറിന് സാമൂഹ്യതിന്മകൾക്കെതിരേയുള്ള സമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ തോമസ് തറയിലും മുഖ്യസന്ദേശം നൽകും.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ നാലുവരെ സന്നദ്ധ സുവിശേഷ സംഘത്തിന്റെയും സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളും ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിലുള്ള മിഷനറി യോഗവും നടക്കും. സേവികാസംഘം യോഗത്തില്‍ ആനി ജൂല തോമസ് മുഖ്യസന്ദേശം നല്‍കും. സായാഹ്ന യോഗങ്ങൾ വൈകുന്നേരം ആറിന് ആരംഭിച്ച് 30ന് സമാപിക്കും.
ബുധൻ മുതൽ ശനിവരെ രാത്രി 7.30 മുതൽ ഒന്പതുവരെ ഹിന്ദി, മറാഠി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളുടെ അടിസ്ഥാനത്തിൽ പ്രത്യേക മിഷൻ ഫീൽഡ് കൂട്ടായ്മകൾ നടക്കും. കുട്ടികൾക്കുള്ള പ്രതിഷ്ഠാ ശുശ്രൂഷ വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7.30 മുതൽ കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ നടക്കും.
കുടുംബവേദി, യുവവേദി യോഗങ്ങൾ
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന കുടുംബവേദി യോഗങ്ങളില്‍ ഫാമിലി കൗണ്‍സിലര്‍മാരായ റീന ജോണ്‍, ഡോ. സിജിയ ബിനു എന്നിവര്‍ നേതൃത്വം നല്‍കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം നാലിന് യുവവേദി യോഗങ്ങളില്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, ജോണി ടോം വര്‍ഗീസ്, ജോര്‍ജ് പുളിക്കന്‍ എന്നിവര്‍ പ്രസംഗിക്കും.
കണ്വന്ഷന് ഗായകസംഘം ഗാന ശുശ്രൂഷയ്ക്ക് ഗാനങ്ങള്‍ ആലപിക്കും. 101 ഗാനങ്ങളടങ്ങിയ പാട്ടുപുസ്തകവും തയാറായി. കൺവൻഷൻ നഗറിലേക്കുള്ള റോഡുകളുടെയും പാലങ്ങളുടെയും നിർമാണം പൂർത്തിയായി.
മാര്‍ത്തോമ്മ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ , ഡോ. എബി തോമസ് വാരിക്കാട്, റവ. ഏബ്രഹാം പി. മാത്യു, റവ. ജിജി വര്‍ഗീസ്, തോമസ് കോശി, റ്റജു എം. ജോര്‍ജ്, സാം ചെമ്പകത്തില്‍, പി.പി. അച്ചന്‍കുഞ്ഞ്, മാത്യു ജോണ്‍, റവ. ഈപ്പന് ഏബ്രഹാം എന്നിവര്‍ ക്രമീകരണങ്ങൾ വിശദീകരിച്ചു.