കൂടൽ ബഥേൽ മാർത്തോമ്മ പള്ളി ശതാബ്ദി ഉദ്ഘാടനം ഒന്പതിന്
1511214
Wednesday, February 5, 2025 3:35 AM IST
പത്തനംതിട്ട: കൂടൽ ബഥേൽ മാർത്തോമ്മ പള്ളി ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒന്പതിന് നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇടവക കൺവൻഷന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 6.30 ന് ഗാനശുശ്രൂഷകൾക്കുശേഷം ഇടവക വികാരി റവ. ടി.കെ. അലക്സാണ്ടർ തരകൻ നിർവഹിക്കും.
ഒന്പതിനു രാവിലെ 7.30 ന് മാർത്തോമ്മ സഭയുടെ ചെന്നൈ - ബംഗളൂരു ഭദ്രാസനാധ്യക്ഷൻ ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് 10.30 ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ശതാബ്ദിസമ്മേളനം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി, കെ.യു. ജനീഷ്കുമാർ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, ആശാ സജി തുടങ്ങിയവർ പ്രസംഗിക്കും.
ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി വർഷപ്രവർത്തന പരിപാടികളിൽ വചനവായന, വേദപുസ്തക കൈയെഴുത്ത് പ്രതി, പഠനസമ്മേളനങ്ങൾ, ബോധവത്കരണ ക്ലാസുകൾ, ശതാബ്ദി വിളംബരറാലി, എക്യുമെനിക്കൽ സംഗീതസന്ധ്യ, മാതൃദേശത്തിൻ മക്കളുടെ സംഗമം, മിഷൻ ഫീൽഡ് സന്ദർശനം, ആതുരസഹായം, ഭവനപുനരുദ്ധാരണ സഹായം, വിദ്യാഭ്യാസ സഹായം, ഇടവക ഫാമിലി ഫോട്ടോ ഡയറക്ടറി, ശതാബ്ദി പാട്ടുപുസ്തകം തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.
വികാരി റവ. ടി.കെ. അലക്സാണ്ടർ തരകൻ, സെക്രട്ടറി തോമസ് ഏബ്രഹാം, ട്രസ്റ്റി ജോർജ് വർഗീസ്, പബ്ലിസിറ്റി കൺവീനർ വി.സി. സാംകുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.