മലയോരത്തു നിറയെ സംഘർഷമല്ല, സങ്കടങ്ങളാണെന്ന് വി.ഡി. സതീശൻ
1511226
Wednesday, February 5, 2025 3:45 AM IST
മലയോര സമരയാത്രയ്ക്ക് ചിറ്റാറിൽ വൻ വരവേല്പ്
ചിറ്റാർ: കേരളത്തിലെ മലയോരമേഖലയിൽ മനുഷ്യ - വന്യജീവി സംഘർഷമല്ല, മറിച്ച് വന്യജീവി ആക്രമണം മൂലമുള്ള സങ്കടങ്ങളാണ് നിഴലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിന്റെ മലയോര സമരയാത്രയുമായി പത്തനംതിട്ട ജില്ലയിലെ ചിറ്റാറിലെത്തിയ അദ്ദേഹം സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു.
മുന്‍പ് മനുഷ്യ - വന്യജീവി സംഘർഷമെന്നൊക്കെ പറയാമായിരുന്നു. എന്നാൽ ഇന്നിപ്പോൾ മനുഷ്യനു നേരേയുള്ള വന്യജീവി ആക്രമണമാണ് നടക്കുന്നത്. കേരളത്തില്‍ വന്യജീവി ആക്രമണം കുറഞ്ഞുവന്നിരിക്കുന്നുവെന്നാണ് രണ്ടാഴ്ച മുന്‍പ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാർ എഴുതിവച്ചത്. ഇതുകേട്ട പ്രതിപക്ഷാംഗങ്ങൾ ഞെട്ടിപ്പോയി. ഏതു ഗ്രഹത്തിലാണ് നിങ്ങൾ ജീവിക്കുന്നതെന്ന് ഭരണകക്ഷിയംഗങ്ങളോടു ഞങ്ങൾക്കു ചോദിക്കേണ്ടിവന്നുവെന്ന് സതീശൻ പറഞ്ഞു.
കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്നത് 60,000ല്‍ അധികം വന്യജീവി ആക്രമണങ്ങളാണ്. ആയിരത്തി ലധികംപേര്‍ കൊല്ലപ്പെട്ടു. 8000ല്‍ അധികം പേര് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞു. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി.
വന്യജീവി ആക്രമണത്തിലൂടെ ബലിയാടുകളായി മാറിയവരുടെ കുടുംബാംഗങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ കരളലിയിപ്പിക്കുന്നതാണ്. അനാഥരായ പിഞ്ചുകുഞ്ഞുങ്ങളുടെ ചോദ്യംകേട്ട് ചങ്ക് തകർന്നുപോയി. ഏതെല്ലാം തരത്തിലാണ് ആളുകൾ വന്യമൃഗങ്ങൾമൂലം കഷ്ടപ്പെടുന്നത്. കൃഷി പൂർണമായി ഉപേക്ഷിച്ചു.
ചക്കപോലും ലഭിക്കില്ലെന്നായപ്പോൾ പ്ലാവ് മുറിക്കേണ്ടിവന്നു. പ്ലാവ് മുറിച്ചാലെങ്കിലും ആന വരില്ലല്ലോയെന്ന് പ്രതീക്ഷിച്ച് അങ്ങനെ ചെയ്തവരുണ്ടിവിടെ. പന്നിയെ ഭയന്ന് കിഴങ്ങുവർഗ കൃഷി പൂർണമായി ഇല്ലാതാകും. തെങ്ങിലെ തേങ്ങ കുരങ്ങനുള്ളതായി.
റംബുട്ടാന് അടക്കമുള്ള പഴങ്ങള്‍ മലയണ്ണാന് കൊണ്ടുപോകും. വാഴ ആന നശിപ്പിക്കും. വന്യമൃഗങ്ങള്‍ വനത്തിന് പുറത്തേക്കിറങ്ങുമ്പോള്‍ അത് അറിയിക്കുന്നതിനായി ലോകത്ത് എല്ലായിടത്തും രാജ്യത്തിന്റെ പലഭാഗത്തും ആധുനികമായ സാങ്കേതങ്ങള്‍ വന്നു. ശാസ്ത്രയുഗത്തിലാണ് നാം ജീവിക്കുന്നത്. വനാതിർത്തിയിൽ വന്യമൃഗങ്ങളുടെ ചലനമുണ്ടാവുമ്പോള്‍ ആധുനികവിദ്യയുടെ സഹായത്തോടെ മുന്നറിയിപ്പ് നല്‍കുന്നതിന് പല സംവിധാനങ്ങളുണ്ട്. കൃത്രിമമായി ശബ്ദമുണ്ടാക്കി അതിനെ തിരിച്ചോടിക്കാം. അയൽ സംസ്ഥാനങ്ങൾ ഇതു നടപ്പാക്കി. എന്നാൽ ഇക്കാര്യങ്ങളൊന്നും കേരളത്തിലെ വനംവകുപ്പ് അറിഞ്ഞിട്ടില്ല.
ചിറ്റാറിലെ കർഷകൻ മത്തായിയെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയവരാണ് വനംവകുപ്പ്. വനംനിയമഭേദഗതി നടപ്പിലാക്കാൻ ശ്രമിച്ചതിനെ ന്യായീകരിക്കാൻ ശ്രമിച്ചവരാണ്. കേരളത്തിന്റെ ഭൂവിസ്തൃതിയില്‍ 29.1 ശതമാനം വനമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. പിന്നെയും ബഫര്‍സോണ്‍ പ്രഖ്യാപിച്ച് കൂടുതൽ പ്രദേശം വനഭൂമിയാക്കാനാണ് ഇപ്പോഴത്തെ ശ്രമം. വനംവകുപ്പ് പറയുന്നത് എന്തിനെയും കണ്ണുംപൂട്ടി അംഗീകരിക്കുകയല്ല മന്ത്രിയുടെ ജോലി. കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കണം. ജനങ്ങളുടെ പക്ഷത്താകണം വനംമന്ത്രി നിൽക്കേണ്ടതെന്നും സതീശൻ അഭിപ്രായപ്പെട്ടു.
ജാഥയെ ഏറ്റെടുത്ത് ജില്ലാ യുഡിഎഫ്
ചിറ്റാർ: മലയോര ജനതയുടെ അതിജീവന പോരാട്ടത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മലയോര സമരപ്രചാരണ യാത്രയ്ക്ക് ജില്ലയിൽ പ്രവർത്തകരും നേതാക്കളും ചേർന്ന് ഒരുക്കിയത് വൻവരവേല്പ്.
സ്വീകരണ സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ വറുഗീസ് മാമ്മൻ സ്വാഗതവും കൺവീനർ എ. ഷംസുദീൻ നന്ദിയും പറഞ്ഞു.
കൺവീനർ എം.എം. ഹസൻ, ഷാനിമോൾ ഉസ്മാൻ, കെ. ഫ്രാൻസിസ് ജോർജ് എംപി, സി.പി. ജോൺ, രാജൻ ബാബു, വാക്കനാട് രാധാകൃഷ്ണൻ, മാണി സി. കാപ്പൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, മുഹമ്മദ് ഷാ, കെ. ശിവദാസൻ നായർ, പി. മോഹൻ രാജ്, കെ.ഇ. അബ്ദുൽ റഹ്മാൻ, ജോസഫ് എം. പുതുശേരി,
പഴകുളം മധു, എം.എം. നസീർ, പന്തളം സുധാകരൻ, മാലേത്ത് സരളാദേവി, എൻ. ഷൈലാജ്, റോബിൻ പീറ്റർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ടി.കെ. സാജു, സാമുവൽ കിഴക്കുപുറം തുടങ്ങിയവർ പ്രസംഗിച്ചു.