മിശിഹാ വർഷം 2025: കാഞ്ഞിരപ്പള്ളി രൂപതയിൽ ഇടവകാതല ജൂബിലി വർഷാചരണത്തിന് ഇന്നു തുടക്കമാകും
1492513
Sunday, January 5, 2025 3:23 AM IST
കാഞ്ഞിരപ്പള്ളി: ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലിയുടെ ഇടവകാതല ആചരണത്തിന് ഇന്നു വൈകുന്നേരത്തെ ദനഹാത്തിരുനാൾ റംശ നമസ്കാരത്തോടെ കാഞ്ഞിരപ്പള്ളി രൂപതയിൽ തുടക്കമാകും.
രൂപതയിലെ ഇടവകകളിൽ നടത്തപ്പെടുന്ന റംശ നമസ്കാരത്തിലെ ദീപം തെളിക്കൽ ശുശ്രൂഷയോടെയാണ് ഇടവകതല ജൂബിലിയാചരണത്തിന് ആരംഭമാകുന്നത്. കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ ഇന്നു വൈകുന്നേരം ആറിന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിലാണ് റംശ നമസ്കാരം നടത്തപ്പെടുന്നത്.
ദനഹത്തിരുനാൾ റംശ നമസ്കാരത്തോടനുബന്ധിച്ച് ലോകത്തിന്റെ പ്രകാശമായ ഈശോ മിശിഹായെ അനുസ്മരിച്ച് പിണ്ടിയിൽ ദീപം തെളിയിക്കൽ നടത്തും.
നസ്രാണി കലാരൂപങ്ങളുടെ അവതരണം, നസ്രാണി പലഹാരങ്ങൾ എന്നിവ ഇടവകകളിൽ ക്രമീകരിക്കും. ഈശോയുടെ മാമ്മോദീസയെ അനുസ്മരിക്കുന്ന ദനഹത്തിരുനാൾ ആദിമക്രൈസ്തവ കാലഘട്ടം മുതലുള്ള സുപ്രധാന തിരുനാളുകളിലൊന്നാണ്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിലെ ഉത്ഥാനഗീതത്തോടനുബന്ധിച്ചുള്ള ദീപം തെളിക്കൽ ശുശ്രൂഷയോടെയാണ് രൂപതാതല ജൂബിലി വർഷാചരണത്തിന് തുടക്കമായത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ 25 വർഷത്തിലൊരിക്കൽ തുറക്കുന്ന വിശുദ്ധ വാതിൽ പിറവിത്തിരുനാൾ തിരുക്കർമങ്ങൾക്ക് മുമ്പായി മാർ ഫ്രാൻസിസ് പാപ്പ തുറന്നതോടെയാണ് ഈശോ മിശിഹായുടെ മനുഷ്യാവതാര ജൂബിലി വർഷാചരണത്തിനു തിരിതെളിഞ്ഞത്. ഇതിനോടു ചേർന്നാണ് രൂപതകളിലെ വർഷാചരണം.
ആരാധനക്രമ വിശ്വാസജീവിത പരിശീലന പരിപാടികൾ, പരിശുദ്ധ കുമ്പസാരത്തിനുള്ള അധിക സൗകര്യങ്ങൾ, തീർഥാടനങ്ങളുടെ പ്രോത്സാഹനം എന്നിവയിലൂടെ വിശ്വാസ ജീവിതത്തിന് ശക്തിപകരുന്ന വിവിധ കർമപദ്ധതികൾ ജൂബിലി വർഷത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിൽ നടപ്പിലാക്കും.