അനധികൃത മൂന്നക്ക ലോട്ടറി കച്ചവടം: പോലീസ് റെയ്ഡില്‍ തിരുവല്ലയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
1492514
Sunday, January 5, 2025 3:23 AM IST
തിരുവല്ല: സംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട് പുതിയ രീതിലുള്ള തട്ടിപ്പ് പോലീസ് പരിശോധനയില്‍ കണ്ടെത്തി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല പോലീസ് നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ പിടിയില്‍. കടയുടമയും ജീവനക്കാരനുമാണ് അറസ്റ്റിലായത്.
തിരുവല്ല കവിയൂര്‍ തോട്ടഭാഗം ജംഗ്ഷനില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡിനു പിന്നില്‍ പുതുതായി ആരംഭിച്ച ബിഎസ്എ ലോട്ടറീസ് കടയുടെ ഉടമ പുറമറ്റം പടുതോട് പഴൂര്‍ വീട്ടില്‍ ബിനു ചെറിയാന് (47), ജീവനക്കാരന് കോട്ടയം കുഴിമറ്റം പുതുപ്പറമ്പില്‍ വീട്ടില്‍ അഭിഷേക് (24) എന്നിവരെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി മൂന്നക്ക ലോട്ടറി കച്ചവടം നടത്തി അമിതലാഭം നേടിവരികയായിരുന്നു ഇവരെന്നു പോലീസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ഫലപ്രഖ്യാപനത്തിന് വിരുദ്ധമായി പുതിയ രീതിയില്‍ ഫലം നിര്‍ണയിക്കുകയും പണം നല്‍കുകയും ചെയ്ത് അനധികൃതമായി ലാഭം കൊയ്തുവരികയായിരുന്നു. പുതുതായി വരുന്ന ആളുകള്‍ തുടക്കത്തില്‍ ടിക്കറ്റ് വാങ്ങിയശേഷം എഴുത്ത് ഉണ്ടോ എന്ന് കോഡ് ഉപയോഗിച്ച് അംഗത്വം സ്വീകരിക്കുകയാണ് ആദ്യപടി.
തുടര്‍ന്ന് ഫോണിലൂടെ ഈ ആവശ്യവുമായി വരുന്നവര്‍ക്ക് ടിക്കറ്റ് നല്‍കാതെ ഇവര്‍ നേരിട്ടോ ഫോണിലൂടെയോ മൂന്ന് അക്കങ്ങള്‍ ഏത് സമ്മാനത്തിന്റെ വിഭാഗത്തിലേക്കും എത്ര എണ്ണം വേണമെങ്കിലും ബുക്ക് ചെയ്യും.
ഓരോ ദിവസവും ലോട്ടറി ടിക്കറ്റ് ഫലം വന്ന് കഴിയുമ്പോള്‍ ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന്റെ അവസാന മൂന്ന് അക്കങ്ങള്‍ ഇവിടെ ബുക്ക് ചെയ്ത ടിക്കറ്റിലെ നമ്പരിന് ഉണ്ടെങ്കില്‍ 5000 രൂപയും രണ്ടാം സ്ഥാനത്തില്‍ ഇതേ പോലെ ഉണ്ടെങ്കില്‍ 500 രൂപയും കടയുടമ നല്‍കും.
മൂന്നാം സമ്മാനം നേടിയ ടിക്കറ്റില്‍ ആദ്യം വരുന്ന മൂന്ന് ടിക്കറ്റിലെ അവസാനത്തെ മൂന്ന് അക്കം ഉണ്ടായാല്‍ 500 രൂപ, 5000 രൂപ സമ്മാനം നേടിയ ടിക്കറ്റില്‍ ആദ്യം വരുന്ന മൂന്ന് നമ്പരിലെ അവസാനത്തെ മൂന്ന് അക്കം ഉണ്ടായാല്‍ 250 രൂപ, 1000 രൂപ സമ്മാന ടിക്കറ്റിലും ഇതേ രീതിയിലാണ് സമ്മാനം നല്‍കുക.
ടിക്കറ്റ് ആരും വാങ്ങേണ്ടതില്ല, പകരം പത്തു രൂപയ്ക്ക് ആളുകള്‍ക്ക് ഇഷ്ടമുള്ള അവസാന മൂന്ന് അക്കം ഏത് സമ്മാനത്തുകയുടെ വിഭാഗത്തിലേക്കാണ് ബുക്ക് ചെയ്യുന്നത് എന്നവിവരം ഇവരെ നേരിട്ട് അറിയിക്കുകയോ ഫോണിലൂടെ അറിയികകുകയോ ചെയ്യുന്നതാണ് രീതി. വളരെ രഹസ്യമായാണ് ആളുകള്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് വാട്സ്ആപ്പ് ഗ്രൂപ്പുകളുമുണ്ടെന്ന് പോലീസ് കണ്ടെത്തി.
ലോട്ടറി വകുപ്പിന്റെ നിയമത്തിനു വിരുദ്ധമായി അനധികൃതമായി പ്രവര്‍ത്തിച്ച് ചൂതുകളിയിലൂടെ അമിതലാഭം സമ്പാദിക്കുന്നവര്ക്കെതിരേ ശക്തമായ നിയമനടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന്റെ മേല്‍നോട്ടത്തില്‍, പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സംഘത്തില്‍ എസ്ഐ ജി. ഉണ്ണികൃഷ്ണന്, പ്രൊബേഷന്‍ എസ്ഐ ഹരികൃഷ്ണന്, എസ്സിപിഒ പുഷ്പദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.