നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍
1492512
Sunday, January 5, 2025 3:23 AM IST
അടൂര്‍: നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. മൈലം താമരക്കുടി, കുഴിവിള കിഴക്കേതില്‍ സുരേഷ്കുമാര്‍ ( 47), ഏനാത്ത് കിഴക്കേവീട്ടില്‍ ആര്. രമേശ് (43) എന്നിവരാണ് പിടിയിലായത്.
എനാത്ത് ലക്ഷ്മി സ്റ്റോഴ്സ് എന്ന രമേശിന്റെ കടയില്‍ നിരോധിത ലഹരിവസ്തുക്കള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍, ഏനാത്ത് പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്തോടെ പരിശോധന നടത്തുകയായിരുന്നു.
ഏനാത്ത് ഗവൺമെന്റ് എല്‍പി സ്കൂളിനു സമീപത്തു രമേശിന്റെ കടയിലെത്തിയ പോലീസ് ഇന്‍സ്പെക്ടര്‍ എ.ജെ. അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, സുരേഷ് കുമാര്‍ സ്കൂട്ടറില്‍ ലഹരിവസ്തുക്കള്‍ രമേശിന്റെ കടയില്‍ വില്പനയ്ക്ക് എത്തിക്കുന്നതു കണ്ടെത്തുകയായിരുന്നു.