വരൾച്ച അതിവേഗം; ജലസേചനത്തിന് കനാലുകൾ തുറക്കും
1492519
Sunday, January 5, 2025 3:36 AM IST
പത്തനംതിട്ട: ഒരു മാസം മുന്‍പുവരെ ശക്തമായ മഴയും തുലാംവർഷത്തിൽ അധികമഴയും പെയ്ത പത്തനംതിട്ട ജില്ലയിൽ നദികളും തോടുകളും ജലാശയങ്ങളും അതിവേഗം വരളുന്നു. പന്പ ഉൾപ്പെടെയുള്ള പ്രധാന നദികളിൽ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളും കുടിവെള്ള സ്രോതസുകളും വേഗത്തിൽ വറ്റിത്തുടങ്ങി.
കൃഷിയിടങ്ങളിലും ജലലഭ്യത കുറഞ്ഞതോടെ കർഷകർക്കു വേവലാതിയായി. പകൽച്ചൂടിന്റെ കാഠിന്യമാണ് വരൾച്ച വേഗത്തിലാകാൻ കാരണമായത്. ജനുവരിയിൽത്തന്നെ വരൾച്ച രൂക്ഷമാകുന്നത് ഇനിയുള്ള മാസങ്ങളിൽ ജലലഭ്യത കുറയ്ക്കാനിടയുണ്ട്. ഏപ്രിൽ, മേയ് വരെ തുടരുന്നതാണ് വരൾച്ചാ കാലഘട്ടം. ഇതിനിടെയുള്ള വേനൽമഴയാണ് പിന്നീടുള്ള ആശ്രയം. എന്നാൽ കഴിഞ്ഞവർഷങ്ങളിൽ ഏപ്രിലിൽ മാത്രമാണ് വേനൽമഴ ശക്തമായത്.
ഇക്കുറി ന്യൂനമർദവും മറ്റുമായി തുലാംവർഷം തുടർച്ചയായിട്ടായിരുന്നില്ല ലഭിച്ചത്. ഇതു കാരണം കാർഷിക മേഖലയിലും താളംതെറ്റി. രണ്ടാംകൃഷിക്കായി പാടങ്ങൾ ഒരുക്കിയിട്ടിരുന്ന സമയത്ത് അപ്രതീക്ഷിതമായി പെയ്ത മഴയിൽ ബണ്ടു തകർന്നും മറ്റു കൃഷിയിടങ്ങൾ നാശോന്മുഖമായി. ഇതിനു പിന്നാലെ വരൾച്ചയും വേഗത്തിലെത്തിയതോടെ നെൽക്കർഷകർക്കടക്കം കാർഷിക കലണ്ടറിൽ മാറ്റം വരുത്തേണ്ടിവന്നു.
പിഐപി കനാലുകളിലൂടെ നാളെ മുതൽ വെള്ളമെത്തും
തീരങ്ങളിൽ ജലലഭ്യത കുറഞ്ഞതോടെ കല്ലട ജലസേചന പദ്ധതിയുടെ കനാൽ കഴിഞ്ഞദിവസം തുറന്നു. പന്പ ജലസേചന പദ്ധതിയുടെ വലതുകര കനാൽ നാളെയും ഇടതുകര കനാൽ എട്ടിനും തുറക്കും. ഇതോടെ പ്രധാന കനാലുകളിൽ വെള്ളം നിറയും.
കനാൽ വെള്ളമാണ് പലയിടത്തും ഇനി ആശ്രയം. കാടുമൂടിയും മണ്ണ് വീണ് നികന്നതുമായ ഉപകനാലുകൾ ശുചീകരിച്ചാൽ മാത്രമേ കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം എത്തൂ.
പിഐപിയുടെ പരിധിയിൽ ഇലന്തൂർ, മെഴുവേലി, കുറ്റൂർ തുടങ്ങിയ പഞ്ചായത്തുകളിൽ ഉപകനാലുകളിൽ ശുചീകരണം നടക്കുന്നു. കെഐപി പദ്ധതിയിൽ കല്ലടയാറിൽനിന്നുള്ള വെള്ളം ഇടത്, വലതുകര കനാലുകളിലൂടെയാണ് ഗ്രാമപ്രദേശങ്ങളിലെത്തുന്നത്.
ജില്ലയിൽ കലഞ്ഞൂർ, കൊടുമൺ, ഏനാദിമംഗലം, ഏഴംകുളം, പള്ളിക്കൽ, കടമ്പനാട് പഞ്ചായത്തുകളിലെയും അടൂർ നഗരസഭയിലെയും വീട്ടുകാർക്കും കൃഷി സ്ഥലങ്ങൾക്കും കനാൽ വെള്ളം പ്രയോജനം ചെയ്യും.
മണിയാർ ഡാമിൽനിന്നുള്ള വെള്ളമാണ് പിഐപി കനാലിലൂടെ വിതരണം ചെയ്യുന്നത്. റാന്നി, പെരുനാട്, വടശേരിക്കര, ചെറുകോൽപ്പുഴ, അയിരൂർ, തോട്ടപ്പുഴശേരി, കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ, നാരങ്ങാനം, കോഴഞ്ചേരി, മല്ലപ്പുഴശേരി, ഇലന്തൂർ, മെഴുവലി, തിരുവൻവണ്ടൂർ, കുറ്റൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് പ്രയോജനം ചെയ്യും.
സാധാരണ നിലയിൽ പിഐപി പ്രധാന കനാൽ ഡിസംബർ അവസാനത്തോടെ തുറക്കേണ്ടതാണ്. കനത്ത മഴയിൽ വാഴക്കുന്നത്ത് കനാൽ തകർന്നത് അറ്റകുറ്റപ്പണി നടത്തുന്നതിനാണ് ജലവിതരണം വൈകിപ്പിച്ചത്.
കുടിവെള്ള ലഭ്യതയ്ക്കും സഹായകരമാകും
കനാലുകളിലൂടെ വെള്ളമെത്തുന്നത് സമീപപ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ് നിലനിർത്താൻ സഹായകരമാകും. ഇതോടൊപ്പം കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും കനാൽ ജലം ഉപകരിക്കും.
നെല്ല്, വെറ്റില, വാഴ, കപ്പ, പച്ചക്കറി, തെങ്ങ് തുടങ്ങിയവ കൃഷി ചെയ്യുന്നവർക്ക് വെള്ളം കിട്ടിത്തുടങ്ങുന്നത് ആശ്വാസമാണ്.
കനാലുകൾ പലയിടത്തും കാടു തെളിക്കാതെയും ശുചീകരണമില്ലാതെയും കിടക്കുന്നതു കാരണം എല്ലായിടത്തേക്കും വെള്ളം എത്തിക്കാൻ കഴിയുന്നില്ല. ചില ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞും കിടക്കുകയാണ്.
ഫണ്ടില്ലെന്ന പേരിൽ പ്രധാന കനാലിൽ ശുചീകരണം നടന്നതേയില്ല. ഉപകനാലുകളിൽ കാടു നീക്കലും മണ്ണിടിഞ്ഞു വീണത് നീക്കുന്നതും നടക്കുന്നുണ്ട്.
ടെൻഡർ വിളിച്ച് ഹിറ്റാച്ചി ഉപയോഗിച്ചാണ് പണികൾ പുരോഗമിക്കുന്നത്. കെഐപി ഉപകനാലിൽ പള്ളിക്കൽ പഞ്ചായത്തിലെ പയ്യനല്ലർ ഭാഗത്താണ് ഹിറ്റാച്ചി ഉപയോഗിച്ച് ശുചീകരണം ആരംഭിച്ചത്.
തദ്ദേശ സ്ഥാപനങ്ങൾ ആവശ്യമറിയിക്കുന്നതനുസരിച്ച് ഫെബ്രുവരി പത്തോടെ ഉപകനാലുകൾ തുറക്കാനാണ് തീരുമാനം.
ജാഗ്രത പാലിക്കണം
പത്തനംതിട്ട: പമ്പാ ജലസേചന പദ്ധതിയുടെ വലതുകര കനാലില്ക്കൂടിയുള്ള ജലവിതരണം നാളെ ആരംഭിക്കുന്നതിനാല്‍ കനാലിന്റെ ഇരുകരകളിലുള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.
കനാലിൽ മാലിന്യങ്ങളും മറ്റും തള്ളാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.