മുസാവരി ബംഗ്ലാവിന് ശാപമോക്ഷം ; നവീകരണ ജോലികൾ തുടങ്ങി
1546505
Tuesday, April 29, 2025 3:26 AM IST
കൊട്ടാരക്കര: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുസാവരി ബംഗ്ലാവിന് ശാപമോക്ഷം. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണ ജോലികൾ തുടങ്ങി.
മഹാത്മാഗാന്ധി വിശ്രമിച്ച സ്ഥലമെന്ന നിലയിലാണ് ബംഗ്ലാവിന് ചരിത്ര പ്രാധാന്യം ലഭിച്ചത്. പഴമയുടെ തനിമ ചോരാതെയുള്ള നവീകരണമാണ് ലക്ഷ്യമിടുന്നത്. മേൽക്കൂര പൊളിച്ചുമാറ്റി. മഴക്കാലമെത്തും മുമ്പ് നവീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
നൂറ്റാണ്ടുകൾക്ക് മുന്പ് നിർമിച്ചതാണ് ഈ കെട്ടിടം. കടലായ്മന മഠം വകയായിരുന്ന കൊട്ടാരക്കര തൃക്കണ്ണമംഗൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു നൽകാനാണ് ഗാന്ധിജി കൊട്ടാരക്കരയിലെത്തിയത്.
മുസാവരി ബംഗ്ലാവിലെ വിശ്രമത്തിന് ശേഷം 1937 ജനുവരി 21ന് പുലർച്ചെ ഇവിടെ നിന്ന് പുറപ്പെട്ട ഗാന്ധിജി കാൽനടയായിട്ടാണ് ക്ഷേത്രത്തിലെത്തിയതും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതും.
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ ഗസ്റ്റ് ഹൗസിന് മുന്നിലുള്ള ഈ കെട്ടിടത്തിലാണ് ഇടക്കാലത്ത് മജിസ്ട്രേറ്റ് കോടതിയും അതിന് ശേഷം റൂറൽ ജില്ലാ പോലീസിന്റെ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗവും പ്രവർത്തിച്ചിരുന്നത്.
പിന്നീട് തീർത്തും തകർച്ചയിലായി. ഓടുമേഞ്ഞ മേൽക്കൂരയ്ക്ക് മുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയാണ് മഴ നനയാത്ത സംവിധാനമുണ്ടാക്കിയത്. ഇപ്പോഴാണ് തകർച്ചയ്ക്ക് പരിഹാരമാകുന്നത്.
കൊട്ടാരക്കരയിൽ ഗസ്റ്റ് ഹൗസിന് സമീപത്തായി പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമ കേന്ദ്രം നിർമിക്കാനും പദ്ധതിയുണ്ട്. മന്ത്രി കെ.എൻ.ബാലഗോപാൽ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ഇതിനായി അനുവദിച്ചു.