ചാത്തന്നൂരിൽ യാത്രക്കാർക്ക് സുരക്ഷ ഒരുക്കാതെ ദേശീയപാത നിർമാണം നടക്കുന്നതായി പരാതി
1546282
Monday, April 28, 2025 6:25 AM IST
ചാത്തന്നൂർ: യാത്രക്കാർക്കോ വാഹനങ്ങൾക്കോ യാതൊരു സുരക്ഷിതത്വവും കല്പിക്കാതെയാണ് ദേശീയപാത നിർമാണം നടക്കുന്നതെന്ന പരാതി ഉയരുന്നു. പകൽമേൽപാത നിർമാണത്തിനിടെ സൈഡ് വാളിലെ കോൺക്രീറ്റ് സ്ലാബ് ഇളകി തിരക്കേറിയ സർവീസ് റോഡിൽ പതിച്ചതാണ് അവസാനത്തെ സംഭവം. സ്ലാബ് ഇളകി വീണപ്പോൾ അതുവഴി പോയ ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. തിരക്കേറിയ സമയങ്ങളിലെ ഇത്തരം അപകടം വലിയ ദുരന്തങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.
കഴിഞ്ഞ ദിവസം രാവിലെ 10.45ന് ചാത്തന്നൂർ ജംഗ്ഷനിൽ ഫെഡറൽ ബാങ്കിനു മുന്നിലാണ് അപകടം ഉണ്ടായത്. മേൽപാതയുടെ വശത്തു സംരക്ഷണ ഭിത്തിയ്ക്കായി സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകളിൽ ഒന്നാണ് മുകളിൽ നിന്നും ഇളകി തിരുവനന്തപുരം ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വീഴുന്നത്.
മേൽപാതയിൽ മണ്ണ് ഉറപ്പിക്കൽ പ്രവൃത്തികൾ നടക്കുന്നതിനിടെയാണ് സംഭവം. തിരക്കേറിയ ജംഗ്ഷൻ ആയതിനാൽ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന ഭാഗമാണിത്. എന്നാൽ ബൈക്ക് കടന്നു പോയി ഏതാനും സെക്കന്റ് ഇടവേളയിൽമറ്റ് വാഹനങ്ങൾ കടന്നു വരാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.ദേശീയപാതയിൽ തിരുമുക്ക് ജംഗ്ഷനിലും അപകടം സ്ഥിരമായിരിക്കയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വലിയ വാഹനങ്ങൾ മണ്ണിൽ താഴുന്നതും കുഴിയിൽപെടുന്നതും പതിവായിരിക്കയാണ്. മംഗളുരുവിൽ പാരിപ്പള്ളി ഐഒസി പ്ലാന്റ ിലേയ്ക്ക് ഗ്യാസുമായി പോയ ബുള്ളറ്റ് ടാങ്കർ കുഴിയിൽപ്പെട്ടത് രാത്രി ഒന്നരയോടെയാണ്.
അതിന് തൊട്ടടുത്ത രണ്ടുദിവസങ്ങളിൽ രാത്രി വലിയ കണ്ടെയ്നറുകൾ ഇവിടെ മണ്ണിൽ പുതഞ്ഞു.ഏതാനും ദിവസം മുൻപ് പാരിപ്പള്ളിയിൽ മേൽപാതയുടെ മുകളിൽ നിന്നു തടി പലക ഇളകി മിനി ബസിെ ന്റ വശത്ത് പതിച്ചിരുന്നു. ബസിനു കേടുപാട് സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കുറച്ചുനാൾ മുന്പ് ഉമയനല്ലൂർ മേൽപാതയുടെ മുകളിൽ നിന്നു മെറ്റൽ ചീളു പതിച്ചു കുമ്മല്ലൂർ സ്വദേശിയുടെ പുതിയ കാറി െ ന്റ ചില്ലുകൾക്കു കേടുപാടു സംഭവിച്ചിരുന്നു.നിർമാണ സ്ഥലങ്ങളിൽ അപകടമുന്നറിയിപ്പു സംവിധാനങ്ങൾ ഒരുക്കാതെയാണ് ഇവിടങ്ങളിൽ നിർമാണം നടത്തുന്നതെന്ന പരാതി വ്യാപകമാണ്. അനാവശ്യമായി സർവീസ് റോഡുകൾ ആഴ്ചകളോളം അടച്ചിട്ടും ബസ് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
ചാത്തന്നൂർ കെഎസ്ആർടിസി ഡിപ്പോ ജംഗ്ഷനിൽ നിന്നും ശീമാട്ടിയിലേയ്ക്കുള്ള സർവീസ് റോഡ് ഓട നിർമിക്കാനെന്ന പേരിൽ അടച്ചിട്ടിരിക്കുകയാണ്. ആവശ്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുന്നതിനു അധികൃതർ കർശന നടപടി എടുത്തില്ലെങ്കിൽ വലിയ ദുരന്തങ്ങൾ ഉണ്ടാകുമെന്നു നാട്ടുകാർ പറയുന്നു.