അനധികൃതമായി കടത്താൻ ശ്രമിച്ച 34 ലക്ഷവുമായി രണ്ടുപേർ പിടിയിൽ
1546277
Monday, April 28, 2025 6:25 AM IST
പുനലൂർ : ചെന്നൈ എഗ്മോർ - കൊല്ലം എക്സ്പ്രസ് ട്രെയിനിൽ കടത്താൻ ശ്രമിച്ച 34,62, 850 രൂപയുമായി രണ്ടുപേർ പുനലൂർ റെയിൽവേ പോലീസിന്റെ പിടിയിലായി.
തമിഴ്നാട് കടയനല്ലൂർ സ്വദേശി അബ്ദുൾ അജീസ് (46) കൊല്ലത്ത് സ്ഥിര താമസമാക്കിയ വിരുദുനഗർ സ്വദേശി ബാലാജി (46 ) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ പുനലൂർ വഴി ഏകദേശം രണ്ടു കോടിയോളം രൂപയാണ് രേഖകൾ ഇല്ലാതെ പിടികൂടിയത്. കടത്തിക്കൊണ്ടുവന്ന പണത്തിനു ഉറവിടമോ മറ്റ് രേഖകളോ ഹാജരാക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല.
ട്രെയിൻ മാർഗം വൻതോതിൽ ലഹരി സാധനങ്ങളും കുഴൽപണവും എത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലായാണ് പണം പിടികൂടിയത്. പുനലൂർ റെയിൽവേ പോലീസ് എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രെയിനിൽ പരിശോധന നടത്തിയത്.