റെയിൽവേ അടിസ്ഥാനസൗകര്യ വികസനത്തിൽ ഗണ്യമായ പുരോഗതി: കൊടിക്കുന്നിൽ സുരേഷ് എംപി
1546502
Tuesday, April 29, 2025 3:26 AM IST
കൊല്ലം: യാത്രക്കാരുടെ സൗകര്യങ്ങൾ, സ്റ്റേഷൻ സൗകര്യങ്ങൾ, മൊത്തത്തിലുള്ള സേവന നിലവാരം എന്നിവ ലക്ഷ്യമിട്ട് റെയിൽവേ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ഉടനീളം നടന്നുവരികയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ രണ്ട് ലിഫ്റ്റുകൾ സ്ഥാപിക്കൽ, പ്ലാറ്റ്ഫോം ഷെൽട്ടറുകൾ 80 മീറ്ററോളം നീട്ടൽ, വെയ്റ്റിംഗ് ഹാൾ ഗ്രാനൈറ്റ് ഫ്ളോറിംഗ് എന്നിവയടക്കം നവീകരിച്ചു. പുതിയ വാട്ടർ കൂളർ, മെച്ചപ്പെടുത്തിയ സിഎസ്സി പാർക്കിംഗ് സൗകര്യങ്ങൾ, സ്റ്റെയിൻലെസ് സ്റ്റീൽ ബെഞ്ചുകൾ സ്ഥാപിക്കൽ, പുതിയ കാറ്ററിംഗ് സ്റ്റാൾ കമ്മീഷൻ ചെയ്യൽ, ദിവ്യാംഗ സൗഹൃദ ടോയ്ലറ്റ് ബ്ലോക്കിൻ്റെ നിർമാണം തുടങ്ങിയ അധിക നടപടികൾ യാത്രക്കാരുടെ സൗകര്യം ഗണ്യമായി വർധിപ്പിച്ചു.
എഴുകോൺ, ആവണീശ്വരം, കുരി ഹാൾട്ട് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. മിനി ഷെൽട്ടറുകൾ നിർമിക്കുന്നതിനും പേ ആൻ്റ് യൂസ് ടോയ്ലറ്റ് ബ്ലോക്ക് കമ്മീഷൻ ചെയ്യുന്നതിനും എഴുകോൺ സ്റ്റേഷൻ സാക്ഷ്യം വഹിച്ചു. ആവണീശ്വരം സ്റ്റേഷനിൽ പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ വിപുലീകരണം, പുതിയ ഫുട്ട് ഓവർബ്രിഡ്ജ് (എഫ്ഒബി), ആർസിസി ബെഞ്ചുകൾ സ്ഥാപിക്കൽ, സിഎസ്സി പാർക്കിംഗ് സൗകര്യങ്ങളുടെ വിപുലീകരണം, ദിവ്യാംഗ സൗഹൃദ ടോയ്ലറ്റ് സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്നു. മിനി ഷെൽട്ടറുകളുടെ നിർമാണം, പാർക്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പുതിയ ഇരിപ്പിട സൗകര്യങ്ങൾ എന്നിവ കുരി ഹാൾട്ട് സ്റ്റേഷനിൽ പ്രാവർത്തികമാക്കി. നിരവധി സുപ്രധാന പദ്ധതികൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
അവ നിലവിൽ നടപ്പിലാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. മെച്ചപ്പെട്ട പ്രവേശനക്ഷമതയും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്ന പുതിയ ഫുട്ട് മേൽപ്പാലങ്ങൾ നിർമിക്കുന്നതിനും നിയോജക മണ്ഡലത്തിലെ മറ്റ് സ്റ്റേഷനുകളിൽ ലിഫ്റ്റുകൾ സ്ഥാപിക്കുന്നതിനുമുള്ള അധിക നിർദേശങ്ങളും അംഗീകാരത്തിനായി സമർപ്പിച്ചു.