കഴുത്തിൽ കേബിൾ കുരുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്
1545917
Sunday, April 27, 2025 6:20 AM IST
ചവറ : താഴ്ന്നുകിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. തേവലക്കര പോസ്റ്റ് ഓഫീസിലെ പോസ്റ്റൽ അസിസ്റ്റന്റ് കരുനാഗപ്പള്ളി, പടനായർകുളങ്ങര വടക്ക്, മാധവം വീട്ടിൽ അനുപമയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം.
പോസ്റ്റ് ഓഫീസിൽ നിന്നും അനുപമ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വടക്കുംതല പള്ളിക്ക് സമീപം റോഡിൽ താഴ്ന്നുകിടന്ന കേബിൾ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കേബിൾ മുറുകി കഴുത്തിൽ ആഴത്തിൽ മുറിവേറ്റതിന് പുറമേ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിൽ വീണ് അനുപമയുടെ തോളെല്ലിന് ഒടിവ് സംഭവിച്ചു.
സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോളിലെ പൊട്ടിയ എല്ലുകൾ കൂട്ടിയോജിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം അനുപമ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
സ്വകാര്യ കേബിൾ ടിവി നെറ്റ് വർക്കിന്റെ കേബിളാണ് അനുപമയുടെ കഴുത്തിൽ കുടുങ്ങിയത്.
ചവറ പോലീസിൽ പരാതി നൽകി. റോഡ് വക്കുകളിൽ പൊട്ടിക്കിടക്കുന്ന കേബിളുകൾ ഉടൻ തന്നെ നീക്കണമെന്ന് ഹൈക്കോടതി അടക്കം കർശന നിർദേശം നൽകിയിട്ടുള്ളതാണ്.