പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രത്തിൽ തിരുവാഭരണ ഘോഷയാത്ര നടന്നു
1546278
Monday, April 28, 2025 6:25 AM IST
ചവറ : ചവറ തെക്കുംഭാഗം പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് മുന്നോടിയായി തിരുവാഭരണ ഘോഷയാത്ര ഭക്തിനിർഭരമായി നടന്നു. ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട ഘോഷയാത്ര മുളങ്കാടകം ക്ഷേത്രം, ശക്തികുളങ്ങര ക്ഷേത്രം വഴി കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെത്തി. അവിടെ നിന്നും ചവറ ഭരണിക്കാവ്, മാടന്നട വഴി കോയിവിള അയ്യന്‍കോയിക്കല്‍ ധര്‍മ ശാസ്താ ക്ഷേത്രത്തിലെത്തി.
പാവുമ്പ ദേവീക്ഷേത്രം വഴി കുളങ്ങര വെളി ദേവീ പീഠ സന്നിധിയിലെത്തിയപ്പോള്‍ അവിടെ നിന്നും താലപ്പൊലി, അലങ്കരിച്ച വാഹനങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പനവിള സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഉദയാദിത്യപുരം ക്ഷേത്രം വഴി പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രത്തിലെത്തി തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നു.
ഘോഷയാത്ര കടന്നു പോയ വഴികളില്‍ ഭക്തര്‍ നിലിവളക്ക് കൊളുത്തി ദേവിയെ സ്വീകരിച്ചു. പ്രസിദ്ധമായ താലപ്പൊലി ഇന്ന് വൈകുന്നേരം മൂന്നിന് ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 29ന് രാത്രി 7.30 നു ശേഷം കൊടിയേറ്റ്. മേയ് എട്ടിനാണ് ഉത്സവം സമാപിക്കുക.