ദൈവം ഭൂമിയിലേക്ക് അയച്ച സ്നേഹത്തിന്റെ കത്താണ് ഫ്രാൻസിസ് പാപ്പ: ഫാ.ജോൺ ബ്രിട്ടോ
1545915
Sunday, April 27, 2025 6:20 AM IST
കൊല്ലം: ദൈവം ഭൂമിയിലേക്ക് അയച്ച സ്നേഹത്തിന്റെ കത്താണ് ഫ്രാൻസിസ് പാപ്പയെന്നും ആ കത്തിലൂടെ സ്നേഹം, കരുണ, കാരുണ്യം എന്നീ പുണ്യങ്ങൾ ഭൂമിയിൽ പെയ്തിറങ്ങിയെന്നും ബിഷപ് ബൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ.
ബിഷപ് ബൻസിഗർ ഹോസ്പിറ്റലിൽ നടന്ന അനുശോചന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് എളിമയിലൂടെ ജീവിത പ്രകാശം പരത്തിയ ഈ കാലയളവിലെ പുണ്യാത്മാവായിരുന്നു ഫ്രാൻസിസ് പാപ്പായെന്നും ഫാ.ജോൺ ബ്രിട്ടോ കൂട്ടിച്ചേർത്തു.
മതവിശ്വാസം വ്യക്തികളുടെ സ്വകാര്യമാണെന്നും എന്നാൽ ലോകം സർവരുടേതുമാണെന്ന് ബോധ്യപ്പെടുത്തിയ മഹാ ആചാര്യനായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.ജി.മോഹനൻ അധ്യക്ഷ പ്രസംഗിത്തിൽ പറഞ്ഞു.
അനുസ്മരണ യോഗത്തിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ. ജീനാ മേരി, ഡോ. പോൾ കന്നിട്ടയിൽ, ഡോ. എസ്.ടി.മൂർത്തി, ഡോ. അലക്സ് ഉമ്മൻ വെദ്യൻ, ഡോ.ബെന്നി ക്ലീറ്റസ്, ഫാ.ഫിൽസൺ ഫ്രാൻസിസ്, ഫാ. ലോറൻസ് എന്നിവർ പ്രസംഗിച്ചു.
ചാപ്പലിൽ നടന്ന അനുസ്മരണ ദിവ്യബലിയർപ്പണത്തിന് ഫാ.ജോൺ ബ്രിട്ടോ, ഫാ.ഫിൽസൺ ഫ്രാൻസിസ്, ഫാ.ലോറൻസ് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.