ഫയർ സ്റ്റേഷൻ വേണമെന്ന് ; കുളത്തൂപ്പുഴയിൽ ഇന്ന് ഹർത്താൽ
1546501
Tuesday, April 29, 2025 3:26 AM IST
കുളത്തൂപ്പുഴ : കിഴക്കൻ മലയോരമേഖല കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ വേണമെന്ന് ആവശ്യം ശക്തമാകുന്നു. കഴിഞ്ഞദിവസം കുളത്തൂപ്പുഴയിലെ വ്യാപാരശാലയിൽ ഉണ്ടായ വൻ തീപിടിത്തം സംബന്ധിച്ച് വിവരം നൽകി ഒന്നരമണിക്കൂർ കഴിഞ്ഞാണ് അഗ്നിരക്ഷാസംഘം സംഭവസ്ഥലത്ത് എത്തിയത്. ഇതിനോടകം വ്യാപാരശാല പൂർണമായി കത്തി നശിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ന് കുളത്തൂപ്പുഴ പഞ്ചായത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ കടകൾ അടച്ച് ഹർത്താൽ നടത്തുവാനും കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തുവാനും തീരുമാനിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി കുളത്തൂപ്പുഴ യൂണിറ്റ് പ്രസിഡന്റ് അറിയിച്ചു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് കണ്ടഞ്ചിറ ഓയിൽ ഫാം എസ്റ്റേറ്റിൽ തീപിടിച്ചപ്പോഴും കിലോമീറ്റർ അകലെ നിന്നും മണിക്കൂർ കഴിഞ്ഞിട്ടാണ് അഗ്നി രക്ഷാസംഘം എത്തിയത്.
കിഴക്കൻ മലയോര പ്രദേശത്തായ കുളത്തുപ്പുഴയിൽ ഒരു ഫയർ സ്റ്റേഷൻ ഉണ്ടായിരുന്നെങ്കിൽഏറെ നാശനഷ്ടം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. 2020-ൽ മുൻ സംസ്ഥാനസർക്കാർ ജില്ലയിൽ രണ്ട് അഗ്നി രക്ഷാസേന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഒന്ന് കുളത്തൂപ്പുഴയിൽ ആയിരുന്നു.
നെടുവന്നൂർകടവിൽ കല്ലട ജലസേചന പദ്ധതിയുടെ കൈവശമുള്ള ഭൂമി ഫയർസ്റ്റേഷനെ അനുയോജ്യമെന്ന് അഗ്നിരക്ഷാസേനവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി സ്ഥലം കൈമാറുന്നതിന് വകുപ്പുതല നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പിന്നീട് ഈ തീരുമാനത്തിൽ നിന്ന് അധികൃതർ പിന്മാറി.
ഏറ്റവും അപകടം പിടിച്ച മലയോര പ്രദേശമായ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല, മടത്തറ എന്നിവിടങ്ങളിൽ അത്യാഹിത സംഭവങ്ങൾ നടക്കുമ്പോൾ അഗ്നിരക്ഷാ സംവിധാനങ്ങൾ എത്താൻ മണിക്കൂറുകൾ എടുക്കുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടാൻ കാരണമാകുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞദിവസം കുളത്തൂപ്പുഴ വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തത്തിൽ അഗ്നിരക്ഷാസേന എത്താൻ താമസിച്ചത് ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാര സ്ഥാപനത്തിന് ഉണ്ടായത്.