പുറ്റിംഗൽ കേസ്: ഒളിവിലുള്ള പ്രതിയുടെ ജാമ്യക്കാർ മേയ് മൂന്നിന് ഹാജരാകണം
1545918
Sunday, April 27, 2025 6:20 AM IST
കൊല്ലം: പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് അപകടക്കേസിൽ ഒളിവിൽ പോയ 30-ാം പ്രതിയുടെ ജാമ്യക്കാർ മേയ് മൂന്നിന് ഹാജരാകണമെന്ന് കോടതി നിർദേശം. പിഴത്തുക സംബന്ധിച്ച് ജാമ്യക്കാരിൽ നിന്നു നേരിട്ട് മൊഴിയെടുക്കുന്നതിനാണ് പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസിന്റെ വിചാരണയ്ക്കുള്ള പ്രത്യേക കോടതിയുടെ ചുമതല വഹിക്കുന്ന നാലാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.സുഭാഷ് ഉത്തരവിട്ടത്.
ജാമ്യക്കാർ ഹാജരാകാൻ കോടതി നിരവധി തവണ അവസരം നൽകിയിരുന്നതാണ്. വൃക്കരോഗിയായ ജാമ്യക്കാരിൽ ഒരാൾ ഡയാലിസിസിനു വിധേയനാകുന്നതിനാൽ അഭിഭാഷകൻ സാവകാശം ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് മൂന്നിന് ഹാജരാകാൻ കോടതി നിർദേശിച്ചത്.
ഒളിവിൽ പോയ പ്രതി അടൂർ ഏറത്ത് രാജ് ഭവനിൽ അനുരാജിനെ (അനു) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്കും മറ്റുമായി കേസ് 29നും കോടതി പരിഗണിക്കും. പ്രോസിക്യൂന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.ജബാർ, അഡ്വ. അമ്പിളി ജബാർ എന്നിവർ കോടതിയിൽ ഹാജരായി.
അതേ സമയം ഈ കേസിനായുള്ള പ്രത്യേക കോടതിയിൽ സ്ഥിരം ജഡ് ജിയെ നിയമിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രത്യേക കോടതി പ്രവർത്തനം തുടങ്ങിയിട്ട് അഞ്ചു മാസം പിന്നിട്ടെങ്കിലും സ്ഥിരം ജഡ്ജിയെ നിയമിക്കാത്തതിനാൽ നാലാം അഡീഷനൽ ജില്ലാ ജഡ്ജിക്ക് അധികച്ചുമതല നൽകിയിരിക്കുകയാണ്.