വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ് : ബൈക്ക് നാസർ അറസ്റ്റിൽ
1545914
Sunday, April 27, 2025 6:20 AM IST
അഞ്ചൽ : പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 51 കാരൻ അറസ്റ്റിൽ. കരുകോൺ തോട്ടുങ്കര പുത്തൻ വീട്ടിൽ ബൈക്ക് നാസർ എന്ന നാസർ (51) നെയാണ് അഞ്ചൽ പോലീസ് പിടികൂടിയത്. അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15കാരിയെ നാസർ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. നിരന്തരം പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം തുടർന്നതോടെ പെൺകുട്ടി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതോടെ മാതാപിതാക്കൾ അഞ്ചൽ പോലീസിൽ പരാതി നൽകി.
പെൺകുട്ടിയുടെ രഹസ്യമൊഴി ഉൾപ്പെടെ രേഖപ്പെടുത്തി അഞ്ചൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ നാസർ ഒളിവിൽ പോയി. സ്ഥിരം ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഓഫ് ചെയ്ത് മറ്റൊരു ഫോൺ ഉപയോഗിച്ചുവന്ന നാസറിനെ തിരുവന്തപുരത്ത് നിന്നും കഴിഞ്ഞ ദിവസം അഞ്ചൽ പോലീസ് പിടികൂടുകയായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ നാസറിനെ റിമാൻഡ്ചെയ്തു. സമാനമായി പ്രതി പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നതടക്കം വിശദമായ അന്വേഷണം നടത്തുമെന്ന് അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ് മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ചൽ പോലീസ് സ്റ്റേഷനിൽ മാത്രം പത്തോളം കേസിൽ പ്രതിയായിരുന്ന നാസറിനെതിരേ ഏരൂര്‍, കടയ്ക്കൽ, നൂറനാട് പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാര്‍, രജ്ബീര്‍, സാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് നാസറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.