ഓട്ടോ മറിഞ്ഞ് വർക്ക്ഷോപ്പ് ഉടമ മരിച്ചു
1546331
Monday, April 28, 2025 10:41 PM IST
പാരിപ്പള്ളി : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വർക്ക്ഷോപ്പ് ഉടമ മരിച്ചു. കല്ലുവാതുക്കൽ നടയ്ക്കൽ ഇടക്കുന്ന് സരസ്വതി വിലാസത്തിൽ സന്തോഷാ (48) ണ് മരിച്ചത്. കഴിഞ്ഞദിവസം പകൽ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. വർക്ക്ഷോപ്പിൽ നിന്നും ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേയ്ക്ക് പോവുകയായിരുന്നു സന്തോഷ്.
കല്ലുവാതുക്കൽ മീനമ്പലത്ത് സമീപം കരുണ സെൻട്രൽ സ്കൂളിന് അടുത്ത് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ സന്തോഷ് ഓടിച്ചിരുന്ന ഓട്ടോനിയന്ത്രണം വിട്ട് കുഴിയിലേയ്ക്ക് വീഴാൻ തുടങ്ങിയപ്പോൾ സന്തോഷ് ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടി. വീഴ്ചയിൽ തല പാറക്കല്ലിൽ ഇടിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോജിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനിൽ ഓട്ടോഇലക്ട്രിക് സ്ഥാപനം നടത്തി വരികയായിരുന്നു.
സമീപകാലത്താണ് മീനമ്പലത്ത് വസ്തു വാങ്ങി വീട് വച്ചത്. ഉച്ചയ്ക്ക് മീനമ്പലത്തെ വീട്ടിൽ ആഹാരം കഴിക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. പരേതനായ കുട്ടപ്പക്കുറുപ്പിന്റെയും സരസ്വതി അമ്മയുടെയും മകനാണ്. ഭാര്യ: രേഷ്മ. മക്കൾ: കാശിനാഥ്, കൈലാസ് നാഥ്. പാരിപ്പള്ളി പോലീസ് കേസെടുത്തു. മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ.