പുതുതലമുറ കുടുംബബോധം ഉള്ളവരാകണം: ജേക്കബ് പുന്നൂസ്
1546497
Tuesday, April 29, 2025 3:26 AM IST
ചവറ : കുടുംബബന്ധങ്ങളുടെ ശൈഥില്യമാണ് പുതുതലമുറയെ ബാധിക്കുന്നതെന്നും പാരമ്പര്യ മൂല്യങ്ങളെ നിസാരവത്കരിക്കരുതെന്നും റിട്ട. ഡിജിപി ജേക്കബ് പുന്നൂസ്. പന്മന ആശ്രമത്തിൽ മഹാഗുരുസമാധി വാർഷികത്തിന്റെ ഭാഗമായി നടന്ന യുവജനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപനത്തിലും ആത്മീയതയിലും മൂല്യബോധം സൂക്ഷിച്ച മഠാധിപതിയായിരുന്നു സ്വാമി പ്രണവാനന്ദതീർഥപാദരെന്ന് മുൻമന്ത്രി ഷിബു ബേബിജോൺ. മഹാഗുരു ചട്ടമ്പിസ്വാമി സമാധി വാർഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തിൽ നടന്ന പ്രണവാനന്ദ തീർഥ പാദർ സ്വാമി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . പന്മന ആശ്രമം ആചാര്യൻ സ്വാമി നിത്യ സ്വരൂപാനന്ദ പ്രണവാനന്ദ തീർഥപാദർ അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ.എൻ.ഗോപാലകൃഷ്ണൻ നായർ "വർദ്ധിച്ചുവരുന്ന അധാർമികത" എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ചു. ഡോ. എസ്.രമേശ് കുമാർ, വിഷ്ണു വേണുഗോപാൽ, എം.ആർ. അരുൺരാജ് എന്നിവർ പ്രസംഗിച്ചു.