ശ്രീരാമവർമപുരം മാർക്കറ്റ് നവീകരണം ; വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം
1545882
Sunday, April 27, 2025 6:04 AM IST
പുനലൂർ : ശ്രീരാമവർമപുരം മാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ ആശങ്കയ്ക്ക് പരിഹാരം കാണാൻ നഗരസഭാ ചെയർപേഴ്സൺ കെ.പുഷ്പലത വ്യാപാരികളുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തു.
വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ ബിനോയ് രാജൻ, പ്രിയ പിള്ള, അഡ്വ.പി.എ.അനസ്, മുൻ വൈസ് ചെയർമാൻമാരായ വി .പി .ഉണ്ണികൃഷ്ണൻ, ഡി .ദിനേശൻ, സെക്രട്ടറി എസ്.സുമയ്യ ബീവി എന്നിവരും ചർച്ചയിൽ പങ്കാളികളായി.
കടമുറികൾ ഉടൻ പൊളിച്ചു നീക്കും. നിർമാണം പൂർത്തിയായ 15 കടമുറികളിലേക്ക് നിലവിലെ വ്യാപാരികളെ മാറ്റും. മാർക്കറ്റിന്റെ മുഴുവൻ സ്ഥലവും ചുറ്റുമതിൽ കെട്ടി സംരക്ഷിക്കും. നിർമാണത്തിന് ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ബാക്കി വരുന്ന ഭാഗങ്ങളിൽ താത്കാലിക ഷെഡിന് സൗകര്യം നൽകും.
നഗരസഭ ,വ്യാപാരികൾക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അത്തരം ശ്രമങ്ങളെ വ്യാപാരികൾ തള്ളിക്കളയുമെന്നും ചെയർപേഴ്സൺ പറഞ്ഞു. മാർക്കറ്റിലെ വ്യാപാരികൾ സന്തുഷ്ടരാണ്. മാർക്കറ്റിന്റെ വികസനത്തിന് വ്യാപാരികൾ എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ അറിയിച്ചു.