ഐടി പാർക്കുകളിലെ ബാറിനുള്ള അനുമതി പിൻവലിക്കണം : മദ്യവിരുദ്ധ സമിതി
1545910
Sunday, April 27, 2025 6:15 AM IST
കൊല്ലം: കേരളത്തിലെ ഐടി പാർക്കുകളിൽ ബാർ ആരംഭിക്കാനുളള നടപടി പ്രതിഷേധാർഹമാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു.
തൊഴിലിടങ്ങൾ മദ്യവത്കരിച്ച് തൊഴിലാളികളെ മദ്യാസക്തരാക്കാനുളള പരിശ്രമം തൊഴിലാളി സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കൂടുതൽ തൊഴിലിടങ്ങളിലേക്ക് മദ്യശാലകൾ ആരംഭിക്കാനുളള ഗൂഡാലോചനയാണ് ഈ നീക്കത്തിന് പിന്നിലെന്ന് യോഗം ആരോപിച്ചു.
തൊഴിലാളിവിരുദ്ധമായ ഈ നയത്തിനെതിരേ തൊഴിലാളി ദിനമായ മേയ് ഒന്നിന് ലഹരിവിമുക്ത തൊഴിലിടം എന്ന പേരിൽ പ്രതിഷേധ ദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു.
രൂപതാ പ്രസിഡന്റ് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു.
ഡയറക്ടർ മിൽട്ടണ്‍ ജോർജ്, ജനറൽ സെക്രട്ടറി എ.ജെ.ഡിക്രൂസ്, അഡ്വ.ഇ.എമേഴ്സണ്‍, എം.എഫ്. ബർഗ്ലീൻ, ഇഗ്നേഷ്യസ് സെറാഫീൻ, മേഴ്സി യേശുദാസ്, ബിനു മൂതാക്കര, ബി.സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.