ലഹരിക്കെതിരെ സിറ്റി പോലീസിന്റെ കര്‍മ പദ്ധതി 'മുക്ത്യോദയം' രൂപരേഖ പ്രകാശനം ചെയ്തു
1545650
Saturday, April 26, 2025 6:25 AM IST
കൊല്ലം: സിറ്റി പോലീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ലഹരിക്കെതിരെ നടത്തുന്ന കര്‍മ പദ്ധതി 'മുക്ത്യോദയം' രൂപരേഖ പ്രകാശനം ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജിയുടെ ചേംബറില്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജ് പി.മായാദേവി ഹൈക്കോടതി ജഡ്ജി ദേവന് രാമചന്ദ്രന് രൂപരേഖ കൈമാറി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രകാശനം.ഡിമാന്റ് റിഡക്ഷന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍, കുട്ടികളോടുളള അവഗണനയ്ക്കെതിരായി രക്ഷിതാക്കള്‍ക്കുളള ബോധവല്‍ക്കരണം, ദുര്‍ബല മേഖലകളെയും ദുര്‍ബല വിഭാഗങ്ങളെയും തിരിച്ചറിയുക, സ്കൂള്‍- കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ ചുമതലകളും പ്രവര്‍ത്തനങ്ങളും, പ്രായാനുസൃതമായി പരിശീലനത്തിനും ബോധവല്ക്കരണത്തിനുമാവശ്യമായ ഗുണമേന്മയുളള മൊഡ്യൂള്‍ തയാറാക്കല്‍,
മാസ്റ്റര്‍ ട്രെയിനേഴ്സിനും കൗണ്സിലര്മാര്ക്കുമുളള പരിശീലനം, ദുര്‍ബല മേഖലകളില്‍ ലഹരിക്ക് അടിമപ്പെട്ടവര്‍ക്കായി എല്ലാ വെള്ളിയാഴ്ചകളിലും ഹെല്‍പ്പ് ഡെസ്ക്ക്, ബോധവല്‍ക്കരണ പരിപാടികള്‍, 'നോ ടു ഡ്രഗ്, ഫാമിലി ഹെവർ' എന്ന നാമധേയങ്ങളില്‍ സോഷ്യല്‍ മീഡിയാ കാമ്പയിനുകള്‍, നയരൂപീകരണ ത്തിനും നിയമനിര്‍മാണത്തിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍, സഹായി' ഹെല്‍പ്പ് ലൈന്‍, ലഹരി ഉപയോഗത്തിലേക്ക് പുതുതലമുറ കടന്നുപോകുവാനുളള മൂലകാരണങ്ങളുടെ സമഗ്രമായ ഉന്മൂലനം, സ്കൂള്‍ പഠനം ഉപേക്ഷിക്കുന്നവര്‍ക്ക് തുടര്‍ പഠനസൗകര്യം ഒരുക്കല്‍ തുടങ്ങി ലഹരിക്കെതിരായി സമഗ്ര കർമ പദ്ധതിയാണ് 'മുക്ത്യോദയം'ലക്ഷ്യമിടുന്നത്.
വിമുക്തി, ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോജക്റ്റ് വിഭാഗം, ക്യൂ എസ് എസ് എസ് , തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, എന്‍ ജി ഒ കള്‍ തുടങ്ങി നിരവധി വിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചാണ് കൊല്ലം സിറ്റി പോലീസ് ലഹരിയ്ക്കെതിരായി സമഗ്രമായ കര്‍മപദ്ധതി ആവിഷ് കരിച്ചിരിക്കുന്നത്.
ചടങ്ങില്‍ കൊല്ലം സിറ്റി, റൂറല്‍ പോലീസ് ജില്ലകളിലെയും എക്സൈസിലേയും ഉയർന്ന ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.