മിച്ചഭൂമി സിപിഐ നേതാവിന് പതിച്ചു നല്കാന് നീക്കം; ഏരൂരില്‍ ബിജെപിയുടെ പ്രതിഷേധം
1545884
Sunday, April 27, 2025 6:04 AM IST
അഞ്ചല്‍ : മിച്ചഭൂമിയെന്ന് സര്‍വേയില്‍ കണ്ടെത്തിയ ഭൂമിക്ക് സിപിഐ നേതാവിന് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകിയ റവന്യൂ അധികൃതരുടെ നടപടി വിവാദമാകുന്നു.
ഏരൂര്‍ വില്ലേജ് ഓഫീസ് അധികൃതരുടെ നടപടിയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഏരൂര്‍ പഞ്ചായത്തിലെ നടുക്കുന്നുംപുറത്തെ മൂന്നര സെന്റ് മിച്ചഭൂമിയാണ് സിപിഐ നേതാവിന് ഏരൂര്‍ വില്ലേജ് ഓഫീസര്‍ കൈവശ സർട്ടിഫിക്കറ്റ് നല്‍കിയത്. പ്രദേശത്തെ നാട്ടുകാര്‍ നടവഴിയായി ഉപയോഗിച്ചുവന്ന ഭൂമി കൈവശ അവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ സിപിഐ നേതാവ് കെട്ടിയടക്കാന്‍ ശ്രമിച്ചതോടെയാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന്നു തടയുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സിപിഐ മണ്ഡലം കമ്മിറ്റി അംഗംകൂടിയായ ദിലീപിന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ഏരൂര്‍ സ്കൂള്‍ പരിസരത്ത് നിന്നും പ്രകടനമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ മാര്ക്കറ്റിന്നുള്ളിലെ വില്ലേജ് ഓഫീസ് പടിക്കല്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ മണ്ഡലം പ്രസിഡന്റ് ഗിരീഷ് അമ്പാടി ഉദ്ഘാടനം ചെയ്തു. മിച്ചഭൂമിക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നൽകിയ വില്ലേജ് ഓഫീസറുടെ നടപടി ഗുരുതരമായ കൃത്യവിലോപമാണ്. എംഎല്‍എയുടെ പിഎയുടെ ഇടപെടലിനെ തുടര്‍ന്നാണ് വില്ലേജ് ഓഫീസര്‍ നിയമലംഘനം നടത്തിയത്.
ഇക്കാര്യത്തില്‍ എംഎല്‍എ മറുപടി പറയണം. വില്ലേജ് ഓഫീസറുടെ നടപടിക്കെതിരേ വിജിലന്‍സ്,ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് ഗിരീഷ് അമ്പാടി പറഞ്ഞു.
പഞ്ചായത് സമിതി പ്രസിഡന്റ് അഖിൽ അധ്യക്ഷത വഹിച്ചു.
നേതാക്കളായ ബബുല്‍ ദേവ്, സുമന്ശ്രീനിവാസന്, അലഞ്ചേരി ജയചന്ദ്രന്, ബാലചന്ദ്രന് പിള്ള, വൈക്കൽ വിജയൻ, വിഷ്ണു, ചന്ദ്രലേഖ തുടങ്ങിയവര്‍ പ്രസംഗിച്ചു. അതേസമയം രേഖകള്‍ പരിശോധിച്ചായിരുന്നു കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും പരാതികളുടെ അടിസ്ഥാനത്തില്‍ നടപടി റദ്ദ് ചെയ്തുവെന്നും ഏരൂര്‍ വില്ലേജ് ഓഫീസര്‍ പറഞ്ഞു.