കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
1545877
Sunday, April 27, 2025 6:04 AM IST
പരവൂർ: കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി സംഘത്തിൽപ്പെട്ട ഒരാളെ തിരയിൽപ്പെട്ട് കാണാതായി. മയ്യനാട് റെയിൽവേ സ്റ്റേഷന്സമീപം താമസിക്കുന്ന നീരജ് (18) നെയാണ് കാണാതായത്.
ഇന്നലെ വൈകുന്നേരം ആറരയോടെ പൊഴിക്കര ബീച്ചിലാണ് സംഭവം. വിദ്യാർഥികളായ ഈ സംഘം സ്പോർട്സ് പ്രാക്ടീസ് കഴിഞ്ഞ ശേഷം കടലിൽ കുളിക്കാൻ എത്തിയതാണെന്ന് പറയുന്നു.
വൈകുന്നേരം കടപ്പുറത്ത് എത്തിയ സംഘം ആറോടെയാണ് കടലിൽ നീന്താനിറങ്ങിയത്. ആറരയോടെ ഇവർ അപകടത്തിൽപ്പെടുന്നു എന്ന് മനസിലാക്കിയ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിറങ്ങി ആറുപേരെ രക്ഷപ്പെടുത്താൻ അവർക്ക് കഴിഞ്ഞു.
എന്നാൽ തിരയിൽപ്പെട്ട നീരജിനെ കണ്ടെത്താനോരക്ഷപ്പെടു ത്താനോ കഴിഞ്ഞില്ല. വിവരമറിഞ്ഞ് കോസ്റ്റ് ഗാർഡും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
കനത്ത മഴയും കടലിലെ സാഹചര്യവും മൂലം രാത്രിയോടെ തിരച്ചിൽ നിർത്തിവച്ചു. ഇവർ കൊല്ലത്തെ ഒരു കോളേജിലെ ബിരുദവിദ്യാർഥികളാണെന്ന് പോലീസ് പറഞ്ഞു പരവൂർ പോലീസ് കേസെടുത്തു.