മകനെ ഇരുമ്പുകമ്പി പഴുപ്പിച്ച് പൊള്ളിച്ച പിതാവ് അറസ്റ്റിൽ
1545908
Sunday, April 27, 2025 6:15 AM IST
കൊല്ലം:കൂട്ടുകാരുമൊത്ത് മകൻ കളിക്കാൻ പോയതിൽ പ്രകോപിതനായ പിതാവ് പ്രായപൂർത്തിയാകാത്ത മകന്റെ ശരീരത്തിൽ പലയിടത്തായി ഇരുമ്പുകമ്പി പഴുപ്പിച്ചുവച്ച് പൊള്ളിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പത്തനാപുരം കാരന്മൂട് സ്വദേശി വിൻസുകുമാർ (40)നെ പോലീസ് അറസ്റ്റ് ചെയ്തു. 11കാരനായ മകൻ അമ്മയുമൊത്ത് പത്തനാപുരം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. വിലക്കിയിട്ടും കുട്ടി വീണ്ടും കളിക്കാൻ പോയതാണ് പ്രകോപനകാരണം.
മകൻ തിരികെ വീട്ടിലെത്തിയപ്പോൾ ഗ്യാസ് അടുപ്പിൽവച്ചു പഴുപ്പിച്ച വീതിയുള്ള ഇരുമ്പുകമ്പികൊണ്ട് പൊള്ളലേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഇടത് തുടയിലും കാൽമുട്ടിനു താഴെയുമായി പലയിടത്തും സാരമായി പൊള്ളലേറ്റിട്ടുണ്ട്.
പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സതേടിയ ശേഷമാണ് ഇരുവരും പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് വിൻസുകുമാറിനെ പോലീസ് പിടികൂടുകയായിരുന്നു.