തിരുവനന്തപുരം നോർത്ത് - മംഗളൂരു സ്പെഷൽ ട്രെയിൻ അനുവദിച്ചു: കൊടിക്കുന്നിൽ സുരേഷ് എംപി
1545907
Sunday, April 27, 2025 6:15 AM IST
കൊല്ലം: വേനൽക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന് തിരുവനന്തപുരം നോർത്ത് മുതൽ മംഗളൂരു ജംഗ്ഷൻ വരെ കോട്ടയം വഴി 16 ജനറൽ കോച്ചുകളുള്ള വീക്കിലി സ്പെഷൽ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
നിലവിൽ ആലപ്പുഴ വഴി സർവീസ് നടത്തുന്ന അന്ത്യോദയ എക്സ്പ്രസിന്റെ കോച്ചുകളാണ് ഒഴിവ് ദിവസങ്ങളിൽ കോട്ടയം വഴി സർവീസിനായി ഉപയോഗിക്കുന്നത്. ട്രെയിനിലെ മുഴുവൻ കോച്ചുകളും ജനറൽ കമ്പാർട്ട്മെന്റുകളാണ്.
നിലവിലെ ഷെഡ്യൂൾ പ്രകാരം, തിങ്കളാഴ്ചകളിൽ വൈകുന്നേരം 5.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് ട്രെയിൻ പുറപ്പെട്ട് ചൊവ്വാഴ്ച പുലർച്ചെ 6.50ന് മംഗളുരു ജംഗ്ഷനിൽ എത്തും. തിരിച്ചുള്ള സർവീസ് ചൊവ്വ വൈകുന്നേരം ആറിന് ആരംഭിച്ച് ബുധൻ പുലർച്ചെ 6.35ന് തിരുവനന്തപുരം നോർത്തിൽ എത്തും.
മാവേലിക്കര മണ്ഡലത്തിലെ ശാസ്താംകോട്ട, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ശാസ്താംകോട്ട സ്റ്റേഷനിൽ പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതെന്ന് എംപി പറഞ്ഞു. മേയ്-ജൂൺ മാസങ്ങളിൽ ആകെ ആറു സർവീസുകൾക്കാണ് നിലവിൽ അനുമതി ലഭിച്ചിരിക്കുന്നത്.
യാത്രക്കാരുടെ പ്രതികരണങ്ങൾ അടിസ്ഥാനമാക്കി ഈ സർവീസ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്ഥിരമാക്കുന്നതിനായി ആവശ്യമായ നിർദേശങ്ങൾ എംപി കൈമാറിയിട്ടുണ്ട്. യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ ആവശ്യം പരിഗണിച്ചാണ് എംപി വിഷയത്തിൽ ഇടപെട്ടത്.
റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, സതേൺ റെയിൽവേ ജനറൽ മാനേജർ എന്നിവർക്ക് നേരത്തെ ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു .
24ന് മധുരയിൽ ചേർന്ന സതേൺ റെയിൽവേ ജനറൽ മാനേജറുമായുള്ള യോഗത്തിൽ ജനറൽ മാനേജർ ആർ.എൻ.സിംഗിനോട് വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് എംപി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വളരെ വേഗത്തിൽ തന്നെ സർവീസ് അനുവദിച്ച് റെയിൽവേ തീരുമാനം കൈക്കൊണ്ടത്.