ഇഗ്നോ സബ്സെന്റര്‍ പൂട്ടി ജീവനക്കാർ വിവാഹത്തിനുപോയി; വിദ്യാര്‍ഥികള്‍ വലഞ്ഞു
1545652
Saturday, April 26, 2025 6:25 AM IST
കൊല്ലം: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) സബ് സെന്റര്‍ പൂട്ടി ജീവനക്കാര്‍ വിവാഹത്തിന് പോയതോടെ വിവിധ ആവശ്യങ്ങൾക്കെത്തിയ വിദ്യാർഥികൾ മണിക്കൂറുകളോളം വലഞ്ഞു.
കൊല്ലം എസ്എന്‍ കോളജിന് സമീപമുള്ള സബ് സെന്ററിലെ ഉദ്യോഗസ്ഥരാണ് ഓഫീസ് പൂട്ടിയിട്ട ശേഷം വിവാഹത്തിന് പോയത്. എല്ലാ ദിവസവും രാവിലെ 10നാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നും വളരെ ദൂരത്ത് നിന്നുൾപ്പെടെ നിരവധി വിദ്യാർഥികളാണ് സെന്ററിലെത്തിയത്.
കോഴ്സുമായി ബന്ധപ്പെട്ട പ്രോജക്ടുകളും അസെെൻമെന്റുകളും സബ്മിറ്റ് ചെയ്യാനായെത്തിയ വിദ്യാർഥികളും ഇക്കൂട്ടത്തിലുണ്ട്. 30ന് മുന്‍പ് സബ്മിറ്റ് ചെയ്യാനുള്ളവരായിരുന്നു ഇവരിൽ ഏറെപ്പേരും.
സെന്റർ അടച്ചിട്ടതിനെത്തുടർന്ന് രാവിലെ എത്തിയ ഒട്ടേറെ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് വലഞ്ഞത്. എന്നാല്‍ ഓഫീസ് അടച്ചിട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കളടക്കം കടത്തിണ്ണകളിലും റോഡിലും കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു.
നിരവധി പേര് കാത്തുനിന്ന് മടുത്ത് തിരികെ പോകുകയായിരുന്നു. കഷ്ടപ്പെട്ട് പ്രോജക്ട് ചെയ്തിട്ട് പെരുവഴിയില്‍ നില്‍ക്കേണ്ട അവസ്ഥ വന്നത് വിചിത്രമെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. ജീവനക്കാര്‍ ഓഫിസ് പൂട്ടി വിവാഹത്തിന് പോയെന്നാണ് വിശദീകരണം. അതേസമയം ഉച്ചയോടെ അധികൃതര്‍ തിരിച്ചെത്തി ഓഫീസ് തുറക്കുകയും ചെയ്തു.