ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റില്‍ ലഹരിവേട്ട തുടരുന്നു : രണ്ട് ദിവസങ്ങളിലായി പിടികൂടിയത് 20 കിലോയോളം കഞ്ചാവ്
1545876
Sunday, April 27, 2025 6:04 AM IST
ആര്യങ്കാവ് : എക്സൈസ് ചെക്ക്പോസ്റ്റില്‍ എക്സൈസ് സംഘത്തിന്റെ പരിശോധന കര്‍ശനം. രണ്ട് ദിവസങ്ങളിലായി നടത്തിയ വാഹന പരിശോധനയ്ക്കിടെ കെഎസ്ആര്‍ടിസി ബസുകളില്‍ കടത്തിക്കൊണ്ടുവന്ന 19.6 കിലോ കഞ്ചാവ് എക്സൈസ് അധികൃതര്‍ പിടികൂടി. കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ മുബഷീർ (25), പ്രാജോദ് (20) എന്നിവരെ വെള്ളിയാഴ്ചയും വര്‍ക്കല കുടവൂര്‍ സ്വദേശി തൗഫീക്കിനെ (25) ശനിയാഴ്ചയുമാണ് പിടികൂടിയത്. തെങ്കാശി കായംകുളം കെഎസ്ആര്‍ടിസി ബസില്‍ പരിശോധന നടത്തവേയാണ് രണ്ട് ബാഗുകളിലായി കണ്ടെത്തിയ 12.5 കിലോ കഞ്ചാവ് പിടികൂടിയത്.
ഒറീസയില്‍ നിന്നും പാലക്കാട്ടേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്നാണ് പിടിയിലായവര്‍ എക്സൈസ് സംഘത്തോട് പറഞ്ഞത്.മുമ്പും ഇവര്‍ ആര്യങ്കാവ് അതിര്‍ത്തിവഴി കഞ്ചാവ് കടത്തിയിട്ടുള്ളതായി എക്സൈസ് സംഘം സംശയിക്കുന്നുണ്ട്.
കഴിഞ്ഞ മാസം അഞ്ചുകിലോ കഞ്ചാവ് കടത്തിയതില്‍ ഇപ്പോള്‍ പിടിയിലായ പ്രതികളില്‍ ഒരാള്‍ ഉണ്ടെന്നാണ് വിവരം. പ്രതികളെ എക്സൈസ് ഇന്റലിജന്‍സും ചോദ്യം ചെയ്തിട്ടുണ്ട്.
ഒറീസയില്‍ നിന്നും കേരള അതിര്‍ത്തിയില്‍ ആര്യങ്കാവില്‍ എത്തുന്നതുവരെ ഒരുതരത്തിലുള്ള പരിശോധനയും ഉണ്ടായിട്ടില്ലെന്നാണ് ആദ്യം പിടിയിലായവരുടെ മൊഴി. വിശദമായ അന്വേഷണം നടത്താനാണ് എക്സൈസ് സംഘത്തിന്റെ തീരുമാനം.
ഇന്നലെയും എക്സൈസ് സംഘം പരിശോധന കര്‍ശനമായി തുടര്‍ന്നതോടെയാണ് തെങ്കാശി കൊല്ലം സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഏഴുകിലോയിലധികം കഞ്ചാവുമായി തൗഫീക്കിനെ പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞദിവസം പിടികൂടിയ മുബഷീര്‍ ,പ്രജോദ് എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. ഉദയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.