ദളിത് കുടുംബങ്ങൾക്ക് റോഡിനു സ്ഥലം വിട്ടു നൽകി എൻഎസ്എസ് കരയോഗം
1545640
Saturday, April 26, 2025 6:18 AM IST
പി .എ.പത്മകുമാർ
കൊട്ടാരക്കര: ദളിത് കുടുംബങ്ങൾക്ക് റോഡ് ഒരുക്കി നൽകി എൻഎസ്എസ് കരയോഗം. പൂവറ്റൂറൂർ 655 ാം നമ്പർ ദേവിവിലാസം എൻ എസ് കരയോഗമാണ് നാടിനാകെ മാതൃകയായ റോഡ് നിർമിച്ചത്.
കരയോഗം വക പൂവറ്റൂർ ഹയർ സെക്കനൻഡറി സ്കൂളിനു സമീപം പതിനഞ്ചോളം ദളിത് കുടുംബങ്ങൾ താമസിച്ചു വരുന്നുണ്ട്.ഇവർക്ക് വാഹനമെത്തിച്ചേരാൻ റോഡില്ല. കഷ്ടിച്ച് ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന ഒരു നടപ്പാത മാത്രമാണുള്ളത്. ഒരാൾക്ക് അസുഖം വന്നാൽ കസേരയിൽ ചുമന്നു വേണം റോഡിലെത്തിക്കാൻ.
പഞ്ചായത്തിൽ നിന്ന് വീട് ലഭിച്ചാൽ സാധനസാമിഗ്രികൾ റോഡിലിറക്കിയ ശേഷം തലച്ചുമടായി കൊണ്ടു പോകണം. കാലങ്ങളായി ഈ ദുരിതമനുഭവിക്കുന്ന ദളിത് കുടുംബങ്ങൾ റോഡിനായി സ്ഥലം വിട്ടു നൽകാൻ പലരേയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെയാണ് ദേവിവിലാസം എൻഎസ്എസ് ഭാരവാഹികളെ 'സമീപിക്കുന്നത്. കൂടി ആലോചിച്ച ശേഷം അറിയിക്കാം എന്നായിരുന്നു മറുപടി.
അവർ കൂടിയാലോചിച്ചു. റോഡിന് സ്ഥലം വിട്ടു നൽകാൻ ധാരണയായി. ഇതിനായി സ്കൂൾമതിൽ ഇടിച്ചുനിരത്തേണ്ടി വന്നു.അഞ്ച് സെന്റോളം ഭൂമി വിട്ടു നൽകി.ഇപ്പോൾ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുംവിധം മൂന്നു മീറ്റർ റോഡാണ് ഇവിടെ നിർമിക്കുന്നത്.
സ്കൂൾമതിൽ ഇടിക്കുന്നതിനും പുനർനിർമിക്കുന്നതിനും ഭൂമി വിട്ടു നൽകിയതുമായി 10 ലക്ഷത്തോളം രൂപ കരയോഗത്തിനു ചെലവഴിക്കേണ്ടി വന്നതായി പ്രസിഡന്റ് വിനോദ് കുമാറും സെക്രട്ടറി വിശ്വനാഥനും പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങളുടെ ആത്മസംതൃപ്തിക്ക് മുന്നിൽ ഇതൊന്നും വലിയ കാര്യമല്ലെന്നാണ് ഇരുവരുടെയും അഭിപ്രായം.
മുൻപ് പൂവറ്റൂരിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥലം വിട്ടുനൽകിയത് ഇവരാണ്. കരയോഗ നേതൃത്വത്തിൽ ആരംഭിച്ച പൂവറ്റൂർവായനശാല പൊതു ജനങ്ങൾക്കായി വിട്ടു നൽകിയും മാതൃകയായി.