പരിവർത്തനത്തിനു സാധ്യതയില്ല; പ്രതിക്കു പരമാവധി ശിക്ഷ
1545341
Friday, April 25, 2025 6:19 AM IST
തിരുവനന്തപുരം: വിനീത കൊലക്കേസിൽ കോടതി പ്രതിക്കു തൂക്കുകയർ വിധിച്ചത് പ്രതിയുടെ സാമൂഹിക ജീവിതത്തേക്കുറിച്ചു വിശദമായി പരിശോധിച്ചതിനു ശേഷം. മനഃപരിവർത്തനം നടത്താൻ കഴിയാത്ത കൊലപാതക പരന്പര നടത്തുന്നയാളാണ് പ്രതിയെന്നായിരുന്നു വിശദമായ പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടുകളുടെ പൊതുസാരാംശം.
കേസ് അപൂർവങ്ങളിൽ അപൂർവമാണന്നുള്ള പ്രോസിക്യൂഷൻ വാദത്തെ തുടർന്നാണു പ്രതിയുടെ ജീവിതത്തിന്റെ സാമൂഹിക വിലയിരുത്തൽ പഠനത്തെക്കുറിച്ചുള്ള വിവിധ റിപ്പോർട്ടുകൾ കോടതി ശേഖരിച്ചത്. പ്രതിയുടെ പരിഷ്കരണ- പരിവർത്തന സാധ്യതകളെ കുറിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ അനുമാരി, പ്രതിയുടെ കുറ്റകരമായ മു പ്രവൃത്തികളെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണർ തോംസൻ ജോസ്,
പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച് പേരൂർക്കട മാനസികാരോഗ്യ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജയിംസ്, ജയിലിനുള്ളിലെ പ്രതിയുടെ സ്വഭാവവും പെരുമാറ്റവും സംബന്ധിച്ച് തിരുവനന്തപുരം, പാളയംകോട്ട ജയിൽ സൂപ്രണ്ടുമാർ, പ്രതിയുടെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ വിശദാംശങ്ങളെ സംബന്ധിച്ച് നാഗർകോവിൽ റവന്യു അഥോറിറ്റി, കന്യാകുമാരി, തിരുവനന്തപുരം ജില്ലാ പ്രൊബേഷൻ ഓഫീസർമാർ എന്നിവർ വിവിധ റിപ്പോർട്ടുകൾ മുദ്രവച്ച കവറുകളിൽ നൽകിയിരുന്നു.
ജീവപര്യന്തം ശിക്ഷയാണു വിധിക്കുന്നതെങ്കിൽ ശിക്ഷാ ഇളവിനു പ്രതി അർഹനാണന്നും ഭാവിയിൽ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നും ഉറപ്പു വരുത്താനാവില്ലന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ഒരു പരന്പര കൊലയാളി എന്ന നിലയിൽ പ്രതി സമൂഹത്തിന് ഭീഷണിയാണ്.
നിരപരാധികളായ മനുഷ്യരെ ദാരുണമായ അന്ത്യത്തി ൽ നിന്നു രക്ഷിക്കാനുള്ള ഏക മാർഗം വധശിക്ഷയാണന്ന് പ്രോസിക്യൂഷൻ ശക്തമായ നിലപാടെടുത്തിരുന്നു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന പ്രതിഭാഗം വാദം കോടതി തള്ളി.