വേട്ടുതറ അടിപ്പാത സമരസമിതി നേതാക്കൾക്കെതിരേ ആക്രമണശ്രമം
1545344
Friday, April 25, 2025 6:19 AM IST
ചവറ : നീണ്ടകര വേട്ടുതറയിൽ അടിപ്പാത സമര നേതാക്കൾക്കെതിരേ ലോറി ഡ്രൈവറുടെ ഭീഷണിയും ഉണ്ടായതായി പരാതി. സമരം 486 ദിവസം പിന്നിട്ടപ്പോഴാണ് നേതാക്കൾക്കെതിരേ ഭീഷണി ഉയർന്നിരിക്കുന്നത്.
നാഷണൽ ഹൈവേ അഥോറിറ്റിയുടെ നിസംഗതയെ തുടർന്ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടക്കുന്നത്. തെക്കുംഭാഗം പഞ്ചായത്തിൽ നിന്നുമാണ് നാഷണൽ ഹൈവേയുടെ രണ്ട് റീച്ചിന്റെ നിർമാണത്തിനായി അഷ്ടമുടി കായൽ ഖനനം ചെയ്ത് മണ്ണ് കൊണ്ടുപോകുന്നത്.
സമരപന്തലിന്റെ മുന്നിൽ സമര പ്രചരണ പോസ്റ്റർ പതിക്കുന്നതിനിടയിൽ ഹൈവേ നിർമാണത്തിന് മണ്ണ് കയറ്റി പോയ ലോറി ഡ്രൈവർ സമരസമിതി അംഗങ്ങളുമായി വാക്കേറ്റമുണ്ടാവുകയും സമരസമിതി നേതാവും തെക്കുംഭാഗം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ബീനാ ദയനെ ആക്രമിക്കാൻ മുതിരുകയും ചെയ്തു.
തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, സിപിഎം തെക്കുംഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാജി സേനാഥിപൻ, പഞ്ചായത്തംഗങ്ങളായ പ്രദീപ് എസ് പുല്യാഴം, മീന, അപർണ , രാജഗോപാൽ,സീതാലക്ഷ്മി, സിന്ധുമോൾ, മഞ്ജു, ബി കെ വിനോദ്, കെ .ആർ .രവി എന്നിവരുടെ നേതൃത്വത്തിൽ സമര പന്തലിൽ സമരം തുടരവേ മണ്ണ് കയറ്റി വന്ന മറ്റ് മൂന്ന് ലോറികൾ കൂടി സമരപന്തലിന്റെ മുന്നിൽ നിറുത്തിയിട്ട് ഗതാഗത തടസം സൃഷ്ടിച്ച് സമാധാനപരമായി സമരംനടത്തി കൊണ്ടിരുന്ന സമരസമിതിക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ലോറി ഡ്രൈവർ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ബീനാ ദയനെ ദേഹാസ്വസ്ഥത്തെ തുടർന്ന് നീണ്ടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണ് കയറ്റിയ ലോറികൾ നിരത്തിയിട്ട് ഹൈവേയിൽ ഗതാഗതം തടസപ്പെടുത്തിയ ലോറി ഡ്രൈവറെ ചവറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സമരസമിതിയിലെ സ്ത്രീകളെ അപമാനിച്ച ഡൈവർക്കെതിരെ സമര സമിതി നേതാക്കൾ സ്റ്റേഷനിൽ പരാതി നൽകി. സമരപന്തലിന് സമീപം ആക്രമണം നടത്തിയ ലോറി ഡ്രൈവർക്കെതിരെ അന്വേഷണം നടത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു.