കളക്ടറേറ്റില്‍ സുരക്ഷാ സംവിധാനങ്ങൾ ഇപ്പോഴും പഴയപടി
1545326
Friday, April 25, 2025 6:09 AM IST
കൊല്ലം: കളക്ടറേറ്റിലേക്ക് ഇത് രണ്ടാംതവണയാണ് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്. കളക്ടറുടെ ഔദ്യോഗിക മെയിലിലേക്കാണ് ഭീഷണി സന്ദേശം രണ്ടുതവണയും എത്തിയത്. പോലീസിന്റെ യും ഡോഗ്, ബോംബ് സ്ക്വാഡുകളുടെയും നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ നടത്തിയിട്ടും ഒന്നും കണ്ടെത്താനാകാത്തത് ആശ്വാസമാണെങ്കിലും ഇത് ആശങ്കകൾ വര്‍ധിപ്പിക്കുന്നു.
ജമ്മു കാഷ്മീരിലെ തീവ്രവാദ ആക്രമണത്തിന് പിന്നാലെയെത്തിയ ഭീഷണി കളക്ടറേറ്റിലെ ജീവനക്കാരേയും വിവിധ ആവശ്യങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനത്ത് എത്തുന്നവരെയും ഭീതിയിലാഴ്ത്തി.
കഴിഞ്ഞ മാര്‍ച്ച് 18നും സമാന തരത്തില്‍ ഇ മെയിലിലൂടെ ഭീഷണി സന്ദേശമെത്തിയിരുന്നു. അന്ന് രാവിലെയെത്തിയ മെയില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടില്ല. പിന്നീട്, വൈകുന്നേരം അഞ്ചിനാണ് ഭീഷണി മെയില്‍ ഉദ്യോഗസ്ഥര്‍ കണ്ടത്. തുടര്‍ന്ന്, കളക്ടറുടെ നിര്‍ദേശപ്രകാരം മെയില്‍ പോലീസിനു കൈമാറി.
ഇതിനു പിന്നാലെയാണ് പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയത്. അന്നേദിവസം തിരുവനന്തപുരം കളക്ടറേറ്റിലെ ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് രാവിലെ കൊല്ലത്തും പരിശോധന നടത്തിയിരുന്നു. മെയില്‍ ശ്രദ്ധയില്‍പെട്ട ശേഷം രാത്രി വീണ്ടും പരിശോധന നടത്തുകയായിരുന്നു. എന്നാല്‍, അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
അടിക്കടി വിവിധ കളക്ടറേറ്റുകളിലേക്കും സര്‍ക്കാര്‍ ഓഫീസുകലിലേക്കും വരുന്ന ബോംബ് ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതില്‍ അന്വേഷണ വിഭാഗം പരാജയപ്പെടുകയാണ്. ഇത് കാരണമാണ് വ്യാജ സന്ദേശങ്ങള്‍ തുടര്‍ക്കഥയാകുന്നതെന്നാണ് ആക്ഷേപം.
അതേസമയം, ജില്ലയുടെ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റും പ്രധാന ഓഫീസുകളും ജില്ലാ കോടതിയുമെല്ലാം പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷന് വളപ്പിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇപ്പോഴും പേരിന് മാത്രമേയുള്ളൂ. 2016-ലെ ബോംബ് സ്ഫോടനത്തിന് ശേഷം സുരക്ഷ പരിശോധനകള്‍ ശക്തമാക്കിയെന്ന് പറയുന്നുണ്ടെങ്കിലും ഇത് ഒട്ടും കാര്യക്ഷമമല്ല. രാവിലെയും വൈകുന്നേരവും മാത്രമേ വഴിപാട് പോലെ പരിശോധനകള്‍ നടക്കുന്നുള്ളൂ. മറ്റുള്ള സമയങ്ങളില്‍ നിരീക്ഷണം പോലും നടക്കുന്നില്ലെന്നതാണ് വാസ്തവം.
കളക്ടറേറ്റില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പടെ സ്ഥാപിക്കുമെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത് ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്. ആര്‍ക്കും ഏതുസമയത്തും എവിടെയും ചെന്നു കേറാവുന്ന അവസ്ഥയാണു നിലവിലുള്ളത്. കളക്ടറേറ്റ് സമുച്ചയത്തിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ സുരക്ഷാ പരിശോധന നടത്താന്‍ സംവിധാനങ്ങളില്ല.
സുരക്ഷാ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവര്‍ത്തന രഹിതമാണ്. കളക്ടറേറ്റ് വളപ്പില്‍ നടന്ന സ്ഫോടനത്തെ തുടര്‍ന്നാണ് സമുച്ചയത്തില്‍ ആധുനിക കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 2019-ല്‍ പണം അനുവദിക്കുകയും പിന്നാലെ കാമറ സ്ഥാപിക്കുകയുമായിരുന്നു. എന്നാല്‍ ഇത് കൃത്യമായി പരിപാലിക്കുന്നതില്‍ വീഴ്ചയുണ്ടായി.