പഹൽഗാമിൽ നടന്ന ഭീകരത ഓരോ ഭാരതീയനെയും ദുഃഖത്തിലാക്കി: ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ
1545646
Saturday, April 26, 2025 6:18 AM IST
കൊല്ലം: പഹൽഗാമിൽ നടന്ന ഭീകരത ഓരോ ഭാരതീയന്റെയും ഹൃദയം ദുഃഖത്തിലാക്കിയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. അഖില കേരള അഭിഭാഷക കലോത്സവം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ദേവൻ രാമചന്ദ്രൻ.
ഇന്നലെ രാവിലെ പഹൽഗാം ഭീകരതയിൽ മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. പഹൽഗാമിൽ നടന്ന ഭീകരത മൂലം സമ്മിശ്ര വികാരത്തോടെയാണ് വേദിയിൽ നിൽക്കുന്നത്. പഹല്‍ഗാം സംഭവം ഭാരതത്തിനേറ്റ നോവാണ്. ഓരോ ഭാരതീയന്റെയും ഹൃദയം ദുഃഖത്തിലാഴ്ന്നിരിക്കുകയാണ്. എങ്കിലും പതറാതെ നാം ജീവിതം മുന്നോട്ട് കൊണ്ടു പോകണം - ജസ്റ്റിസ് പറഞ്ഞു.
കേരളത്തിലെ കലാരംഗത്ത് ഒരു നാഴികക്കല്ലായി മാറുന്ന ഒന്നാണ് കൊല്ലത്ത് തുടക്കമിടുന്ന സംസ്ഥാന തല അഭിഭാഷക കലോത്സവം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
തൊഴിൽ സമ്മർദത്തിൽ പെട്ട് സമയം ഇല്ലാത്ത അവസ്ഥയിൽ ജീവിക്കുന്ന അഭിഭാഷകർക്ക് ഇത്തരം കലാമത്സര വേദികൾ സന്തോഷം പകരും. തനിക്ക് ഈ മഹാ കലോത്സവം ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. ഇതിന് അവസരമൊരുക്കിയ കൊല്ലം ബാർ അസോസിയേഷനെക്കുറിച്ച് അഭിമാനം കൊള്ളുന്നതായും ജസ്റ്റിസ് പറഞ്ഞു. കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ .ഓച്ചിറ എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
കൊല്ലം ജില്ലാ ജഡ്ജ് പി. മായാദേവി മുഖ്യാതിഥിയായിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നൈന , കൊല്ലം ഡെപ്യൂട്ടി മേയർ എസ്.ജയൻ, ബാർ കൗൺസിൽ അംഗങ്ങളായ അഡ്വ. പി.സന്തോഷ് കുമാർ, അഡ്വ പി.സജീവ് ബാബു, ജില്ലാ സർക്കാർ വക്കീൽ അഡ്വ. വിളയിൽ. എ. രാജീവ്, അസോസിയേഷൻ പ്രതിനിധി രാധാകൃഷ്ണപിള്ള, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എ.കെ.മനോജ്, ഡയറക്ടർ ബോർഡ് അംഗം അഡ്വ. അമ്പിളി ജബാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഭരതനാട്യം മത്സരം നടന്നു.
എംടി നഗര്‍, പി. ജയചന്ദ്രന് നഗര്‍, വി. സാംബശിവന് നഗര്‍, ഒ.എന്‍.വി. നഗര്‍, സച്ചി നഗര്‍ എന്നീ വേദികളില്‍ 21 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 300-ഓളം പേരാണ് പങ്കെടുക്കുന്നത്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ബാര്‍ അസോസിയേഷന് അഡ്വ. വൈക്കം നാരായണപിള്ള സ്മാരക എവര്‍ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് അഡ്വ. പി. വിജയരാഘവന് സ്മാരക എവര്‍ റോളിംഗ് ട്രോഫിയും നൽകും.
സമാപന സമ്മേളനം നാളെ വൈകുന്നേരം നാലിന് ആനന്ദവല്ലീശ്വരം എന്‍ എസ് എസ് ഹാളില്‍ കേരള ഹൈക്കോടതി ജഡ്ജി പി.ബി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്യും.