കെഎംഎംഎല്ലിന് സമീപ പ്രദേശത്തെ മലിനീകരിക്കപ്പെട്ട ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി
1545342
Friday, April 25, 2025 6:19 AM IST
ചവറ : കെഎംഎംഎല്ലിന് സമീപ പ്രദേശത്തെ മലിനീകരിക്കപ്പെട്ട ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഒന്നാംഘട്ടമായി ഏറ്റെടുക്കേണ്ടിവരുന്ന 76 ഏക്കര്‍ ഭൂമിയുടെ മാര്‍ക്കറ്റ് വില ശേഖരിക്കുവാന്‍ ജില്ലാ കളക്ടറെ ദേവിദാസിനെ യോഗം ചുമതലപ്പെടുത്തി.
മന്ത്രി പി.രാജീവിന്റെ ചേംബറില്‍ മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലായിരുന്നു തീരുമാനം.
നെഗോഷബിള്‍ പര്‍ച്ചേസ് പ്രകാരം ഭൂമി വിട്ടുനല്‍കുന്നതിന് ഭൂഉടമകളുടെ അഭിപ്രായം തേടുന്നതിനും അടുത്ത യോഗത്തില്‍ വിവരം അറിയിക്കുന്നതിനും ചവറ എംഎല്‍എ സുജിത് വിജയന്പിളളയെ ചുമതലപ്പെടുത്തി.
വിഴിഞ്ഞം പോര്‍ട്ട്, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ എന്നിവയുടെ വികസനസാധ്യതകള്‍ പരിഗണിച്ച് കൊച്ചി - തിരുവനന്തപുരം വികസനകോറിഡോറിന്റെ ഭാഗമായി ലോജിസ്റ്റിക് പാര്‍ക്ക് നിര്‍മിക്കുവാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുവാന്‍ കിന്‍ഫ്രയെ ചുമതലപ്പെടുത്തി.
കെഎംഎംഎല്‍ എംഡി. പി. പ്രദീപ് കുമാര്‍, കിന്‍ഫ്ര ഉന്നതഉദ്യോഗസ്ഥര്‍, റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍, വ്യവസായവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.