പഹൽഗാം ഭീകരാക്രമണം: ആശ്രയ പ്രതിഷേധ റാലി നടത്തി
1545639
Saturday, April 26, 2025 6:18 AM IST
കൊട്ടാരക്കര : ഭാരതത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും സ്നേഹസഹോദര്യത്തിന്റെയും നാനാത്വത്തിൽ ഏകത്വത്തിന്റെയും മാതൃകാരാജ്യമായ ഈ മണ്ണിലൊരിക്കലും തീവ്രവാദം വളരാൻ അനുവദിക്കില്ലെന്നും ആഹ്വാനം ചെയ്ത് കലയപുരം ആശ്രയ സങ്കേതത്തിന്റെയും അനാഥരില്ലാത്ത ഭാരതത്തിന്റെയും ആശ്രയ എഫ് എം 90 റേഡിയോയുടെയും സംയുക്താഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ ജനകീയ പ്രതിഷേധ റാലി സംഘടിപ്പിച്ചു .
കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച മൗനജാഥ പുലമൺ ജങ്ഷൻ , ചന്തമുക്ക് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മഹാഗണപതിക്ഷേത്ര മൈതാനിയിൽ സമാപിച്ചു . ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് ജനകീയ പ്രതിഷേധ സദസിന്റെ ഉദ്ഘാടനം നിർവഹിച്ചു .
ആശ്രയ വൈസ് പ്രസിഡന്റ് പട്ടാഴി ജി.മുരളീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . ആശ്രയ ഡയറക്ടർ ബോർഡ് അംഗങ്ങളായ എം. സിറാജുദീൻ, ജോൺ കുരികേശു, ആശ്രയ ട്രഷറർ കെ. ജി.അലക്സാണ്ടർ , അനാഥരില്ലാത്ത ഭാരതം ജില്ല പ്രസിഡന്റ് പെരുംകുളം രാജീവ് , ജില്ല ട്രഷറർ അലക്സ് മാമ്പുഴ, അനാഥരില്ലാത്ത ഭാരതം കൊട്ടാരക്കര മുനിസിപ്പാലിറ്റി യൂണിറ്റ് ട്രഷറർ രാജൻ,ജുബിൻ സാം, മിനി ജോസ്, ലീമ, ലത തുടങ്ങിയവർ റാലിയ്ക്ക് നേതൃത്വം നൽകി . കറുത്ത തുണികൊണ്ട് വാ മൂടികെട്ടിയാണ് എല്ലാവരും ജാഥയിൽ പങ്കെടുത്തത് .
ആശ്രയയുടെയും അനാഥരില്ലാത്ത ഭാരതം പ്രസ്ഥാനത്തിന്റെയും സംസ്ഥാന നേതാക്കൾ, പൊതുജനങ്ങൾ , ആശ്രയ സങ്കേതത്തിലെ താമസക്കാർ , ശിശുഭവനിലെ കുട്ടികൾ , ആശ്രയ സ്റ്റാഫ് അംഗങ്ങൾ , ജോബ്സ് അക്കാദമിയിലെ വിദ്യാർഥികൾ തുടങ്ങിയവർ റാലിയിൽ പങ്കാളികളായി . ദേശീയോദ്ഗ്രഥന പ്രതിജ്ഞയോട് കൂടി യോഗം സമാപിച്ചു .