കാര്‍ഷിക നവോ ഥാന യാത്ര ഇന്ന് ജില്ലയില്‍
1545642
Saturday, April 26, 2025 6:18 AM IST
കൊട്ടാരക്കര: ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന അധ്യക്ഷന്‍ ഡോ.അനില്‍ വൈദ്യമംഗലം നയിക്കുന്ന കാര്‍ഷിക നവോഥാന യാത്ര ഇന്ന് ജില്ലയില്‍ പര്യടനം നടത്തും. രാവിലെ കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍ സ്വീകരണ സമ്മേളനം നടക്കും. സ്വാഗത സംഘ അധ്യക്ഷന്‍ ഏരൂര്മോഹനനന് അധ്യക്ഷനാകും. സംസ്ഥാന അധ്യക്ഷന്‍ ഡോ.അനില്‍ വൈദ്യമംഗലം മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന സമിതി അംഗങ്ങളായ ബാബു പുലുവീടന്, എന്‍.ശിവരാജന്പിള്ള എന്നിവര്‍ പ്രസംഗിക്കും.സദാനന്ദപുരം, വാളകം, അഞ്ചല്‍, കോട്ടുക്കല്‍ , ആയൂര്‍, ചടയമംഗലം, നിലമേല്‍ എന്നിവിടങ്ങളില്‍ യാത്ര പര്യടനം നടത്തും.
സ്വീകരണ സമ്മേളനങ്ങളില്‍ മാതൃകാകര്‍ഷകരെ അനുമോദിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും. കാര്‍ഷിക കേരളത്തിന്റെ തനിമയും നാട്ടിന്‍പുറത്തിന്റെ നന്മയും തിരിച്ചുവരവിന്റെ പാതയിലാണ്. കര്‍ഷകനെ മറന്ന് ഇനി ഒരടിമുന്നോട്ട് പോകാനാവില്ല.
ജൈവകൃഷിയും പച്ചപ്പും ശുദ്ധജലവും മനുഷ്യജീവിതത്തിന് അത്യാവശ്യമാണ്. എല്ലാവരും കര്ഷകരാവുന്ന എല്ലായിടവും കൃഷിയിടമാകുന്ന നല്ലകാലത്തിലേയ്ക്കുള്ള മടങ്ങിപ്പോക്കാണ് കാര്‍ഷിക നവോഥാനയാത്രയെന്നും സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ജില്ലാ ജനറല്‍ സെക്രട്ടറി സജീഷ് വടമണ്‍ അറിയിച്ചു.