കളക്ടറേറ്റിന് വീണ്ടും ബോംബ് ഭീഷണി : ഉറവിടം കണ്ടെത്താൻ പോലീസ്
1545325
Friday, April 25, 2025 6:09 AM IST
കൊല്ലം: ജില്ലാ കളക്ടറേറ്റില്‍ വീണ്ടും ബോംബ് ഭിഷണി സന്ദേശമെത്തി. കളക്ടര്‍ എന്‍.ദേവിദാസിന്റെ ഔദ്യോഗിക ഇ- മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
കളക്ടര്‍ സിറ്റി പോലീസ് കമ്മിഷണറെ വിവമറിയിച്ചതിനെത്തുടര് ന്ന് പോലീസും ബോംബ് സ്ക്വോഡും ഡോഗ് സ്ക്വോഡും കളക്ടറേറ്റിലും പരിസരത്തും പഴുതുകൾ അടച്ചുള്ള വിശദമായ പരിശോധന നടത്തി. രണ്ട് മണിക്കൂറോളം പരിശോധന നടത്തിയിട്ടും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ 7.30ഓടെയാണ് മെയില്‍ എത്തിയത്. കളക്്ടറുടെ ഓഫീസില്‍ ഉദ്യോഗസ്ഥരെത്തിയ ശേഷം രാവിലെ 10.30ഓടെയാണ് സന്ദേശം കാണുന്നത്. ഉടന്‍ തന്നെ കളക്ടറെ വിവരമറിയിക്കുകയും കളക്ടര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വിവരം കൈമാറുകയുമായിരുന്നു. തമിഴ്നാട്ടില്‍ നര്‍ക്കോട്ടിക് കേസില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബോംബ് ഭീഷണി.
അകാരണമായി പിടിച്ചുവച്ചിരിക്കുന്ന ഇവരെ ഉച്ചകഴിഞ്ഞ് രണ്ടിന് മുമ്പ് മോചിപ്പിച്ചില്ലെങ്കില്‍ കൃത്യം രണ്ടിന് തന്നെ ബോംബ് പൊട്ടുമെന്നും സന്ദേശത്തിലുണ്ട്.
കഴിഞ്ഞ മാസം 18നും സമാനരീതിയില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു. അന്ന് ഇ- മെയില്‍ സന്ദേശം വളരെ വൈകിയാണ് ശ്രദ്ധയിൽപ്പെട്ടത്.
അന്നും മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇപ്പോഴത്തെ ഭീഷണിയെ തുടര്‍ന്നും മണിക്കൂറുകള്‍ നീണ്ട കർശന പരിശോധനയാണ് നടത്തിയത്. കളക്്ടറേറ്റിന് ഉള്ളിലേക്ക് ആളുകളെ കടത്തി വിട്ടത് പോലീസ് പരിശോധനയ്ക്ക് ശേഷമായിരുന്നു.
ജമ്മു കാശ്മീരിലെ തീവ്രവാദി ആക്രമണത്തിന്റെപശ്ചാത്തലത്തിലും കളക്ടറേറ്റില്‍ നേരത്തെ ബോംബ് സ്ഫോടനം നടന്നതിനാലും ബോംബ് ഭീഷണികളെ ഗൗരവമായാണ് അധികൃതർ കാണുന്നത്.
ഭീഷണി സന്ദേശമെത്തിയ മെയില്‍ ഐഡിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ആശങ്ക ഒഴിവായെന്ന് കളക്ടര്‍
കൊല്ലം : കളക്ടറേറ്റില്‍ ഉച്ചയോടെ ബോംബ് പൊട്ടുമെന്ന് വന്ന ഇ-മെയില്‍ സന്ദേശ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ ആശങ്ക ഒഴിവായെന്ന് ജില്ലാകളക്ടര്‍ എന്‍. ദേവിദാസ്. രാവിലെയാണ് കളക്ടറേറ്റിലേക്ക് സന്ദേശമെത്തിയത്. തുടര്‍ന്ന് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി.
പോലീസിന്റെ ഡോഗ് - ബോംബ് സ്ക്വാഡുകള്‍, തീവ്രവാദവിരുദ്ധ സുരക്ഷാസേന എന്നിവ കളക്ട്രേറ്റും പരിസരവും വിശദമായി പരിശോധിച്ചു. സംശയകരമാംവിധം ഒന്നും കണ്ടെത്താനായില്ല. ഭീഷണി കണക്കിലെടുത്തു ഗൗരവകരമായ അന്വേഷണമാണ് നടത്തുന്നത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
നിലവില്‍ സുരക്ഷിതമായ സാഹചര്യമാണുള്ളത്. കര്‍ശനനിരീക്ഷണം തുടരുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.