യുവതിയുടെ ആത്മഹത്യ : ഭര്‍ത്താവ് ഒരുവര്‍ഷത്തിനുശേഷം പിടിയില്‍
1544762
Wednesday, April 23, 2025 6:26 AM IST
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിലെ രണ്ടേക്കര്‍മുക്ക് സ്വദേശിനി അശ്വതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റില്‍. ഏരൂര്‍ മയിലാടുംകുന്ന് ബംഗ്ലാംമുകളില് സനു സോമന് (36) ആണ് അറസ്റ്റിലായത്. 2024 ഫെബ്രുവരി 16 നാണ് വീട്ടിലെ കിടപ്പുമുറിയില്‍ അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ഏരൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മകളുടെ പെട്ടെള്ള മരണത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. മകളുടെ ആത്മഹത്യക്ക് കാരണം ഭര്‍ത്താവ് ആണെന്ന സംശയമുണ്ടായിരുന്നുവെങ്കിലും തെളിവുകള്‍ ഒന്നും ലഭിക്കാതിരുന്നതിനാല്‍ ഈവിവരം പോലീസില്‍ അറിയിച്ചിരുന്നില്ല.
മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ളവ പരിശോധിക്കാനോ സനുവിനെ ചോദ്യചെയ്യാനോ തെളിവുകള്‍ ശേഖരിക്കാനോ ഏരൂര്‍ പോലീസ് അന്ന് കൂട്ടാക്കിയില്ല. ഇതോടെ മകളുടെ മരണത്തില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്കി. തുടര്‍ന്നു അന്വേഷണം പുനലൂര്‍ ഡിവൈഎസ്പി ഏറ്റെടുക്കുകയായിരുന്നു.
ഇതിനിടയില്‍ അശ്വതിയുടെ മകള്‍ കളിക്കുന്നതിനിടെ അശ്വതിയുടെ മൊബൈല്‍ ഫോണിന്റെ ലോക്ക് മാറ്റിയതോടെയാണ് മകളുടെ ആത്മഹത്യക്കുപിന്നില്‍ മരുമകന് സനു സോമന് ആണെന്ന തരത്തില്‍ ചില ശബ്ദ സന്ദേശങ്ങള്‍ മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്.
ഈതെളിവുകള്‍ സഹിതം അശ്വതിയുടെ മാതാപിതാക്കള്‍ വീണ്ടും പോലീസിനെ സമീപിച്ചു. ഇതോടെ കുടുങ്ങുമെന്ന് ഉറപ്പായ സനുസോമന് വിദേശത്തേക്ക് പോയി. എന്നാല്‍ അടുത്തിടെ നാട്ടിലെത്തിയ സനുവിനെ പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു.
ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡന നിരോധന നിയമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പും അശ്വതി കടുത്ത മാനസിക പീഡനത്തിനിരയായി എന്നാണ് പോലീസ് കണ്ടെത്തല്‍. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി