അഭിഭാഷക കലോത്സവം ഇന്നു മുതൽ
1545330
Friday, April 25, 2025 6:09 AM IST
കൊല്ലം: കൊല്ലം ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള അഖില കേരള അഭിഭാഷക കലോത്സവം ഇന്നു മുതൽ 27 വരെ കൊല്ലത്ത് നടക്കും. കലോത്സവ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ നിർവഹിക്കും. സംസ്ഥാനത്തെ 30 ബാർ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് 300-ൽ അധികം പേർ 21 ഇനങ്ങളിലെ മത്സരങ്ങളിൽ പങ്കെടുക്കും.
ആനന്ദവല്ലീശ്വരം വിദ്യാധിരാജ ഓഡിറ്റോറിയം, ബാർ അസോസിയേഷൻ ഹാൾ, ലൈബറി ഹാൾ, കളക്ടറേറ്റ് മൂന്നാം നിലയിലെ ആത്മാഹാൾ എന്നിവയാണ് വേദികൾ.
മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ബാർ അസോസിയേഷന് അഡ്വ. വൈക്കം നാരായണപിള്ള എവർ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് അഡ്വ. പി. വിജയരാഘവൻ സ്മാരക എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും.
മേയർ ഹണി ബഞ്ചമിൻ, പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് പി. മായാദേവി, എം. നൗഷാദ് എംഎൽഎ, പി.സി. വിഷ്ണുനാഥ് എംഎൽഎ, ബാർ കൗൺസിൽ അംഗങ്ങളായ പി. സന്തോഷ് കുമാർ, പി.സജീവ് ബാബു തുടങ്ങിയവർ പങ്കെടുക്കും. 27ന് വൈകുന്നേരം നാലിന് സമാപന സമ്മേളനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും.
തുടർന്ന് ഇൻഡസ്ട്രിയൽ ട്രൈബൂണൽ ജഡ്ജ് സുനിത വിമലിന്റെ ഭരതനാട്യം, കൊല്ലം ബാറിലെ അഭിഭാഷകരുടെ നാടകവും ഇതര കലാപരിപാടികളും അരങ്ങേറും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ.ഓച്ചിറ എൻ .അനിൽ കുമാർ, ജനറൽ കൺവീനർ അഡ്വ. എ.കെ. മനോജ്, മീഡിയ കമ്മിറ്റി കൺവീനർ അഡ്വ. ജി. മോഹൻരാജ്, അഡ്വ. പ്രിജി, അഡ്വ. ബി.എൻ.ഹസ്കർ എന്നിവർ പങ്കെടുത്തു.