ദൈവ കരുണയുടെ മുഖമായിരുന്നു ഫ്രാൻസിസ് പാപ്പ: ബിഷപ് പോൾ ആന്റണി മുല്ലശേരി
1545647
Saturday, April 26, 2025 6:25 AM IST
കൊല്ലം: ദൈവ കരുണയുടെ മുഖമായിരുന്നു ഫ്രാൻസിസ് പാപ്പാ എന്ന് കൊല്ലം ബിഷപ് പോൾ ആന്റണി മുല്ലശേരി. ദൈവത്തിന്റെ നിർവചനം കരുണയാണെന്നാണ് ഫ്രാൻസിസ് പാപ്പാ പഠിപ്പിച്ചത്. ഓരോ ക്രൈസ്തവനും ദൈവ കരുണയുടെ മുഖം ആകാൻ വിളിക്കപ്പെട്ടവരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഫ്രാൻസിസ് പാപ്പായുടെ കബറടക്കത്തിന് മുന്നോടിയായി കൊല്ലം രൂപതയുടെ തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ നടന്ന സമ്മേളനത്തിൽ അനുശോചന സന്ദേശം നൽകുകയായിരുന്നു ബിഷപ്.
ദിവ്യബലിക്ക് ശേഷം ബിഷപ് പോൾ ആന്റണി മുല്ലശേരിയുടെ അധ്യക്ഷതയിൽ നടന്ന അനുശോചന സമ്മേളനത്തിൽ കൊല്ലത്തെ രാഷ്ട്രീയ സമുദായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. മന്ത്രി ജെ.ചിഞ്ചു റാണി, കൊല്ലം മേയർ ഹണി ബെഞ്ചമിൻ,സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, കെപിസിസി നിർവാഹ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ,
ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത്, മുൻമേയർ പ്രസന്ന ഏണസ്റ്റ്, ഫാ. ഡോ. ബൈജു ജൂലിയൻ, ജോർജ് .ഡി. കാട്ടിൽ, സ്റ്റാൻലി, അനിൽ ജോൺ ഫ്രാൻസിസ്, ലെസ്റ്റർ കാർഡോസ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.