ചെറുമഴ പെയ്താലും ചണ്ണപ്പേട്ട പ്രദേശം മുങ്ങും
1545649
Saturday, April 26, 2025 6:25 AM IST
അഞ്ചല്‍ : കോടികള്‍ ചിലവഴിച്ചു ആലഞ്ചേരി ചണ്ണപ്പേട്ട പാതയുടെ നിര്‍മാണം അധികൃതര്‍ പൂര്‍ത്തീകരിച്ചു. പക്ഷേ പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെങ്കിലും ഓടയുള്പ്പടെ നിര്‍മിക്കാതെയുള്ള അശാസ്ത്രീയത നാട്ടുകാരെയും വ്യാപാരികളെയും വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണിപ്പോള്.
ചെറിയ ഒരു മഴപെയ്താല്‍ പോലും റോഡില്‍ വലിയ രീതിയില്‍ വെള്ളക്കെട്ട്. ഇനി മഴ പെയുന്നത് അല്‍പ്പസമയം നീണ്ടാല്‍ കടകളിലേക്ക് ഉള്‍പ്പടെ വെള്ളം ഇരച്ചുകയറും. കാല്‍നട ഇരുചക്ര വാഹന യാത്രികള്‍ ശരിക്കും ബുദ്ധിമുട്ടിലാകും. വാഹനങ്ങള്‍ പോകുമ്പോള്‍ വെള്ളം തെറിക്കുന്നതും പതിവ്.
മഴമേഘം കാണുമ്പോഴേ സ്ഥാപനങ്ങള്‍ പൂട്ടി വ്യാപാരികള്‍ പോവുകയാണിപ്പോള്‍. പലതവണ ബന്ധപ്പെട്ട അധികൃതരോടു പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. പഞ്ചായത്ത് അധികൃതര്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്.
പാതയുടെ ന്നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്ന വേളയില്‍ത്തന്നെ ആശാസ്ത്രീയതചൂണ്ടികാട്ടിയിരുന്നു. പക്ഷേ അധികൃതര്‍ ഇക്കാര്യം ഗൗരവമായി എടുക്കാത്തതാണ് ബുദ്ധിമുട്ടുകള്‍ക്ക് പ്രധാന കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.