അഞ്ചലില്‍ മുഖ്യമന്ത്രിക്ക് നേരേ കരിങ്കൊടി
1545346
Friday, April 25, 2025 6:23 AM IST
അഞ്ചല്‍ : അഞ്ചലില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരേ കരിങ്കൊടി കാണിച്ചു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകർ. പത്തനംതിട്ടയിലെ പൊതുപരിപാടിക്ക് ശേഷം മടങ്ങിവരവേ അഞ്ചല്‍ ബൈപ്പാസില്‍ വച്ചായിരുന്നു മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. വിവിധ ഇടങ്ങളിലായി മാറിനിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനാവ്യൂഹം എത്തിയതോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടു റോഡിലേക്ക് ചാടുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു.
സ്ഥലത്ത് ഉണ്ടായിരുന്ന സ്പെഷല്‍ ബ്രാഞ്ച് പോലീസുകാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തൊട്ടുപിന്നാലെ എത്തിയ പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബലപ്രയോഗത്തിലൂടെ ഏഴോളം വരുന്ന പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുകയും അഞ്ചല്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷെറിന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം നടത്തിയത്.